അഭിനയമാണെന്നത് അവള്‍ക്കറിയില്ല, അസാമാന്യ പ്രതിഭ; നാലാം മാസം മുതല്‍ ക്യാമറയ്ക്ക് മുന്നില്‍! പ്രേക്ഷകരുടെ ഓമന അമേയക്കുട്ടി

കലാപരമായ കഴിവുകള്‍ ജനനം മുതല്‍ രക്തത്തില്‍ ഉണ്ടെങ്കില്‍ മാത്രമെ സ്വഭാവികമായി അവ അവതരിപ്പിക്കാന്‍ ഏതൊരു കലാകാരനും കഴിയൂ. അത്തരത്തില്‍ അഭിനയം ജന്മസിദ്ധമായി കിട്ടിയിട്ടുള്ള കുട്ടി പ്രതിഭയാണ് ബേബി അമേയ. അമേയ എന്ന പേരിനേക്കാള്‍ മലയാളികള്‍ക്ക് പരിചിതം പാറുക്കുട്ടി എന്ന പേരാകും. കാരണം ഉപ്പും മുളകും എന്ന സിറ്റ്കോമാണ് പാറുക്കുട്ടി എന്നറിയപ്പെടുന്ന ബേബി അമേയയെ മലയാളികള്‍ക്ക് മുന്നിലേക്ക് എത്തിച്ചത്.
അമേയ അനില്‍ എന്നാണ് പാറുകുട്ടിയുടെ യഥാര്‍ത്ഥ പേര്. ഏഴ് വയസുകാരിയായ അമേയ നാല് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞായിരുന്നപ്പോഴാണ് ഉപ്പും മുളകിലേക്ക് സെലക്ടാകുന്നത്. പാറമട വീട്ടിലെ ബാലചന്ദ്രന്‍ തമ്പിയുടേയും നീലിമയുടേയും അഞ്ചാമത്തെ കുഞ്ഞായിട്ടായിരുന്നു ഉപ്പും മുളകിലേക്കുള്ള അമേയയുടെ വരവ്.

ബാലുവിനും നീലുവിനും വളരെ വൈകി ജനിച്ച കുഞ്ഞായിരുന്നു അമേയ അവതരിപ്പിച്ച പാറുക്കുട്ടി. ആദ്യ എപ്പിസോഡ് മുതല്‍ അമേയ പ്രേക്ഷക ഹൃദയം കവരുകയും ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. ഒരിടയ്ക്ക് മലയാളികള്‍ ഉപ്പും മുളകും കണ്ടിരുന്നത് തന്നെ പാറുക്കുട്ടിയുടെ കുറുമ്പും കുസൃതിയും ചെറിയ വായിലുള്ള വലിയ വര്‍ത്തമാനവും കേള്‍ക്കാന്‍ വേണ്ടിയായിരുന്നു. ഏത് സീനും തന്മയത്വത്തോടെ സ്വഭാവികമായി അവതരിപ്പിക്കാനുള്ള അമേയയുടെ കഴിവ് തന്നെയാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.
പല സീനുകളിലും പ്രകടനത്തിലൂടെ മുതിര്‍ന്ന താരങ്ങളെ പോലും അമേയ പ്രകടനം കൊണ്ട് സൈഡാക്കാറുണ്ട്. അടുത്തിടെ ഒരു ഇമോഷണല്‍ സീന്‍ വളരെ മനോഹരമായി അമേയ അവതരിപ്പിച്ചിരുന്നു. നടന്‍ ഉണ്ണി മുകുന്ദന്‍ അടക്കമുള്ള താരങ്ങളാണ് അമേയയുടെ ആ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത് പ്രശംസിച്ചത്.
ഇമോഷണല്‍ സീനാണെന്ന് കരുതി കരച്ചില്‍ കൊണ്ട് മാത്രം സീന്‍ തീര്‍ക്കാതെ അതിനിടയില്‍ മുഖത്തും കണ്ണിലും ഭാവങ്ങള്‍ കൃത്യമായ അളവില്‍ വരുത്തി ഒപ്പം നെടുനീളന്‍ ഡയലോഗുകള്‍ കൂടി പറഞ്ഞുകൊണ്ടായിരുന്നു അമേയയുടെ അഭിനയം. മമിത ബൈജു, സുരഭി ലക്ഷ്മി തുടങ്ങിയ താരങ്ങളെല്ലാം അമേയയുടെ അഭിനയത്തെ പ്രശംസിച്ച് എത്തിയിരുന്നു.
ഇത് നമ്മുടെ പാറുക്കുട്ടി തന്നെയാണോ. അമേയ പാറുക്കുട്ടിയായി അഭിനയിക്കുന്നതായല്ല ജീവിക്കുന്നതായി തോന്നി, ജനിച്ച് വീണപ്പോള്‍ മുതല്‍ ക്യാമറ, ലൈറ്റ് സൗണ്ട് കണ്ട് വളര്‍ന്നു. ഇങ്ങനെ അഭിനയിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു, ക്യാമറയുടെ മുന്നില്‍ അല്ലേ പെറ്റിട്ടത്. അതുകൊണ്ട് തന്നെ അമേയയുടെ പ്രകടനം കണ്ട് അത്ഭുതപെടാനില്ല. ഇനിയും ഇത്തരം മനോഹരമായ പ്രകടനങ്ങള്‍ പാറുക്കുട്ടിയില്‍ നിന്നും പ്രതീക്ഷിക്കാം എന്നിങ്ങനെ എല്ലാമാണ് കമന്റുകള്‍.
വളര്‍ന്ന് വരുന്ന കാവ്യ മാധവന്‍ എന്നൊക്കെയാണ് പ്രേക്ഷകരില്‍ ചിലര്‍ ബേബി അമേയയെ വിശേഷിപ്പിക്കാറുള്ളത്. അനില്‍ കുമാറിന്റെയും ഗംഗലക്ഷ്മിയുടെയും രണ്ടാമത്തെ മകളായാണ് അമേയയുടെ ജനനം. ചക്കി എന്നായിരുന്നു കുട്ടി താരത്തെ വീട്ടില്‍ വിളിച്ചിരുന്നത്. ഉപ്പും മുളകിന്റെ ഭാഗമായശേഷം എവിടെ പോയാലും ആളുകള്‍ പാറുക്കുട്ടി എന്ന് വിളിച്ചാണ് സ്നേഹം പ്രകടിപ്പിക്കാനായി എത്തുന്നത്. ഇപ്പോള്‍ കുടുംബാംഗങ്ങളും അമേയയെ പാറുക്കുട്ടി എന്ന് തന്നെയാണ് വിളിക്കുന്നത്.
രണ്ടായിരം രൂപയായിരുന്നു അമേയയുടെ ആദ്യ പ്രതിഫലം. ഇപ്പോള്‍ ഉപ്പും മുളകില്‍ മാത്രമല്ല മറ്റ് ചാനലുകളിലെ സീരിയലുകളിലും അമേയ അഭിനയിക്കുന്നുണ്ട്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സ്വര്‍ഗവാതില്‍ പക്ഷിയാണ് അവയില്‍ ഒന്ന്. കൂടാതെ മോഡലിങ്, ഉദ്ഘാടനങ്ങള്‍, പരസ്യ ചിത്രങ്ങള്‍ എല്ലാമായും അമേയ സജീവമാണ്.
ബോണ്‍ ആക്ടറസാണ് അമേയയെന്ന് ഉപ്പും മുളകില്‍ കനകം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി രോഹിണി അടുത്തിടെ പറഞ്ഞിരുന്നു. അത് ശരിവെക്കുന്ന രീതിയില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് ഓരോ എപ്പിസോഡിലും അമേയ കാഴ്ചവെക്കുന്നത്. ഭാവിയില്‍ കാവ്യ മാധവനെപ്പോലെയും ഉര്‍വശിയെപ്പോലെയും അനശ്വരയെപ്പോലെയും മലയാള സിനിമയുടെ മുന്‍നിര നായികമാരുടെ നിരയിലേക്ക് ഉയര്‍ന്ന് വരാന്‍ പാറുക്കുട്ടിക്കും സാധിക്കട്ടേയെന്ന് ആശംസിക്കുന്നു…