
തൊടുപുഴ: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി സമരം നടത്തി ശ്രദ്ധ നേടിയ അടിമാലി ഇരുന്നേക്കര്‍ പൊന്നുരുത്തുംപാറയില്‍ മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനില്‍ വച്ച് അവര്‍ അംഗത്വം സ്വീകരിച്ചു.
സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് അവര്‍ക്ക് അംഗത്വം നല്‍കിയത്. രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. അവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

88കാരിയായ മറിയക്കുട്ടിയുടെ സംസ്ഥാന സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. സര്‍ക്കാരിനെതിരെ അവര്‍ ഭിക്ഷാപാത്രവുമായി സമരത്തിനിറങ്ങിയും ശ്രദ്ധേയായി. കോണ്‍ഗ്രസ് സമര വേദികളിലും അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് കെപിസിസി അവര്‍ക്ക് വീടും നിര്‍മിച്ചു നല്‍കി. കഴിഞ്ഞ ജൂലൈ മാസത്തില്‍ അന്നത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരിട്ടെത്തിയാണ് മറിയക്കുട്ടിക്ക് വീടിന്റെ താക്കോല്‍ കൈമാറിയത്.
ഭിക്ഷാപാത്രവുമായി സമരം ചെയ്ത ശേഷം മറിയക്കുട്ടിയെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കാത്ത പെന്‍ഷന്‍ മറിയക്കുട്ടിക്കു നല്‍കുമെന്നു അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരായ പ്രചാരണത്തിനും മറിയക്കുട്ടി ഇറങ്ങിയിരുന്നു.