CrimeNEWS

മകളെ കൊലപ്പെടുത്തിയത് ഭര്‍ത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാന്‍! കുറ്റബോധമോ സങ്കടമോ ഇല്ല; സന്ധ്യ സുഖമായി കിടന്നുറങ്ങി

എറണാകുളം: നാലുവയസുകാരി കല്യാണിയെ അമ്മ സന്ധ്യ കൊലപ്പെടുത്തിയത് ഭര്‍തൃകുടുംബം വിഷമിക്കുന്നത് കാണാനുള്ള ആഗ്രഹംകൊണ്ടെന്ന് പൊലീസ്. ഭര്‍ത്താവ് സുഭാഷിന്റേത് ആണ്‍മക്കള്‍ കൂടുതലുള്ള കുടുംബമാണ്. കല്യാണിയെ കുടുംബത്തിലെ എല്ലാവരും സ്‌നേഹിച്ചത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. സുഭാഷിന്റെ അമ്മ കുട്ടിയെ കൂടുതല്‍ ലാളിക്കുന്നതും സന്ധ്യ വിലക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു.

സുഭാഷ് അറിയാതെ സന്ധ്യയുടെ വീട്ടില്‍ നിന്ന് 1 ലക്ഷം രൂപ വാങ്ങിയിരുന്നു. തനിക്കുവേണ്ടിയല്ല ഈ പണം വാങ്ങിയതെന്ന് സുഭാഷ് സന്ധ്യയുടെ വീട്ടില്‍ വിളിച്ചുപറഞ്ഞു. ഈ പണം എന്തിന് ചെലവഴിച്ചു എന്നും കണ്ടെത്താനായില്ല. ഇതും സന്ധ്യയുടെ വൈരാഗ്യം കൂട്ടിയെന്നാണ് വിലയിരുത്തല്‍.

Signature-ad

അതേസമയം, നാല് വയസുകാരി മകളെ പുഴയില്‍ എറിഞ്ഞു കൊന്നതില്‍ അമ്മയ്ക്ക് കുറ്റബോധമോ സങ്കടമോ ഇല്ലെന്ന് പൊലീസ്. രാത്രി പൊലീസ് വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ചു. ശേഷം സന്ധ്യ സുഖമായി സ്റ്റേഷനില്‍ കിടന്ന് ഉറങ്ങി.

ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞത്. സന്ധ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഉടന്‍ പൊലീസ് കോടതിയെ സമീപിക്കും. സന്ധ്യ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും.

ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സന്ധ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് സന്ധ്യയെ കോടതിയില്‍ ഹാജരാക്കിയത്. സന്ധ്യ നിലവില്‍ കാക്കനാട് വനിതാ സബ് ജയിലിലാണ്.

ഡോക്ടര്‍മാരുടെ വിദഗ്ധ ഉപദേശം ലഭിച്ചതിനുശേഷം പ്രതിയുടെ മാനസിക നില പരിശോധിക്കുമെന്ന് റൂറല്‍ എസ് പി എം ഹേമലത വ്യക്തമാക്കിയിരുന്നു.കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലയ്ക്ക് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലിനും തെളിവ് ശേഖരണത്തിനും ശേഷം ആയിരിക്കും കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുക.

 

 

Back to top button
error: