KeralaNEWS

‘എന്നെ അധിക്ഷേപിക്കുന്നവരും പൊലീസില്‍ ഉണ്ടാവും, ആളുകളുടെ അഭിപ്രായമൊന്നും മാറ്റാനാവില്ലല്ലോ’

കൊച്ചി: സംസ്ഥാന ആഭ്യന്തര വകുപ്പ് മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന് വകുപ്പിനെതിരായ ആക്ഷേപങ്ങള്‍ മുഖ്യമന്ത്രി തള്ളി. ഈ സര്‍ക്കാരിന്റെ കാലത്ത് കേരള പൊലീസ് കൂടുതല്‍ പ്രതികരണശേഷിയുള്ളതായി മാറിയിരിക്കുന്നു. പൗര കേന്ദ്രീകൃത സമീപനത്തോടെ പൊലീസ് സേന പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യമൊന്നും നല്‍കിയിട്ടില്ല. അതേസമയം ശരിയായ കാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. അത് നല്ല കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പാര്‍ട്ടിയും അങ്ങനെയാണ് കരുതുന്നത്. പൊലീസും സര്‍വീസ് മേഖല ഒന്നാകെയും സമൂഹത്തിന്റെ പരിഛേദമാണ്. എല്ലാ വിധത്തിലുള്ള ആളുകളും അതിലുണ്ടാവും. സര്‍ക്കാരിന്റെ പ്രതിനിധി എന്ന നിലയില്‍ എന്നെ വല്ലാതെ അധിക്ഷേപിക്കുന്നവരും അതില്‍ കാണും. ആളുകളുടെ അഭിപ്രായമൊന്നും മാറ്റാനാവില്ലല്ലോ. ജനാധിപത്യത്തിന്റെ രീതി അതല്ലേ.- മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

മുമ്പ്, സിപിഎം അധികാരത്തിലിരിക്കുമ്പോഴെല്ലാം പാര്‍ട്ടിയാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന് ആക്ഷേപം ഉയരാറുണ്ടെന്നും, ഇപ്പോള്‍ അത് ചെയ്യാത്തതില്‍ പാര്‍ട്ടിക്കാര്‍ അസന്തുഷ്ടരാണോയെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് സ്വാതന്ത്ര്യം നല്‍കുന്നത് ഒരു തെറ്റാണെന്ന് ചില സിപിഎം നേതാക്കള്‍ വിശ്വസിക്കുന്നുവെന്ന ചോദ്യത്തോട് ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേപ്പറ്റി അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ചുമതലയേറ്റപ്പോള്‍ മുഖ്യമന്ത്രി ജീവനക്കാരെ ഓര്‍മ്മിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഈ ഉപദേശം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന്, ഫയലുകളുടെ നീക്കത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട് എന്നായിരുന്നു മറുപടി. എന്നാലും, മെച്ചപ്പെടുത്തേണ്ട ഒത്തിരി ഇടമുണ്ട്. പെട്ടെന്ന് ഒരു മാറ്റം നമുക്ക് പ്രതീക്ഷിക്കാനാവില്ല. കാലങ്ങളായി ശീലിച്ച ചില സ്വഭാവസവിശേഷതകളും സമീപനങ്ങളുമുണ്ട്. മാറാന്‍ കുറച്ച് സമയമെടുക്കും. എന്നാലും ഒരു നല്ല മാറ്റം ഉണ്ടായിട്ടുണ്ട്. കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ നമുക്ക് കഴിയും. മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: