‘ഇത് എന്നുടെ സോള്‍ മേറ്റ്’; 15 വര്‍ഷത്തെ സൗഹൃദത്തിന് ഒടുവില്‍ നടന്‍ വിശാലും സായ് ധന്‍സികയും വിവാഹിതരാകുന്നു; ഓഡിയോ ലോഞ്ചിനിടെ അപ്രതീക്ഷിത പ്രഖ്യാപനം

പതിനഞ്ചുവര്‍ഷം നീണ്ട സൗഹൃദത്തിനൊടുവില്‍ നടന്‍ വിശാലും നടി സായ് ധന്‍സികയും വിവാഹിതരാവുന്നു. സായ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം ‘യോഗി ഡാ’ യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ നടി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വർഷം ഓഗസ്റ്റ് 29-നാണ് വിശാലും സായ് ധൻസികയും വിവാഹിതരാവുന്നത്.
അടുത്തിടെ ഒരു സ്വകാര്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിശാല്‍ വിവാഹത്തെക്കുറിച്ചുള്ള സൂചന നല്‍കിയിരുന്നു. എന്നാല്‍ വധുവിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലിനു തയ്യാറായിരുന്നില്ല. 35കാരിയായ ധൻസിക 2006ൽ റിലീസ് ചെയ്ത മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി. കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാണ് ധൻസിക.

ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം ‘സോളോ’യിൽ ഒരു നായികയായി ധൻസിക മലയാള സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ ഇതുവരെയും വിശാലിന്റെ കൂടെ നടി അഭിനയിച്ചിട്ടില്ല.