CrimeNEWS

സന്ധ്യയ്ക്ക് മാനസികപ്രയാസമില്ല, ദേഷ്യംവന്നാല്‍ ഒച്ചപ്പാടുണ്ടാക്കും; കുഞ്ഞിനെ ചോദിച്ചപ്പോള്‍ തലകുനിച്ചിരുന്നു, അമ്മയ്ക്ക് ബുദ്ധിവളര്‍ച്ച കുറവെന്ന് കുടുംബം

എറണാകുളം: മൂന്നുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതിയായ അമ്മ സന്ധ്യയ്ക്ക് പ്രായത്തിന് അനുസരിച്ചുള്ള ബുദ്ധിവളര്‍ച്ചയില്ലെന്ന് കുടുംബം. ബുദ്ധിവളര്‍ച്ചാ കുറവുള്ളതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും സന്ധ്യയുടെ കുടുംബം പറഞ്ഞു. അതേസമയം, സന്ധ്യയ്ക്ക് മറ്റുമാനസികപ്രശ്നങ്ങളില്ലെന്ന് അമ്മ അല്ലി പ്രതികരിച്ചു.

ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആവശ്യമനുസരിച്ച് നേരത്തേ അങ്കമാലിയിലെ ആശുപത്രിയില്‍ സന്ധ്യയ്ക്ക് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബുദ്ധിവളര്‍ച്ചാ കുറവുള്ളതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സന്ധ്യയുടെ വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായെന്നും അമ്മ അല്ലി മാധ്യമങ്ങളോടു പറഞ്ഞു.

Signature-ad

”12 വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട്. മൂത്തമകന്‍ ആറാംക്ലാസിലാണ്. മരുമകന്‍ ഇവിടേക്ക് വരാറില്ല. മകളും കൊച്ചുമകളും വരാറുണ്ട്. ഇന്നലെ മകള്‍ വന്നപ്പോള്‍ കൊച്ച് കൂടെയുണ്ടായിരുന്നില്ല. കൊച്ച് എവിടെയെന്ന് ചോദിച്ചപ്പോള്‍ ഒന്നുംപറഞ്ഞില്ല. തല കീഴ്പോട്ട് നോക്കി ഇരിക്കുകയായിരുന്നു. മൂന്നുമണിക്ക് മകളെ കാണാനില്ലെന്ന് പറഞ്ഞ് മരുമകന്‍ വിളിച്ചിരുന്നു. പിന്നെ ഓട്ടോക്കാരന്‍ പറഞ്ഞാണ് കാര്യങ്ങള്‍ അറിഞ്ഞത്. അവള്‍ക്ക് ഒരു കൂസലും ഇല്ലായിരുന്നു. കുറേനേരം കഴിഞ്ഞപ്പോള്‍ ബസില്‍നിന്ന് ഇറങ്ങിയപ്പോള്‍ മകളെ കണ്ടില്ലെന്ന് അവള്‍ പറഞ്ഞു. പിന്നീട് കാര്യങ്ങള്‍ ചോദിച്ചറിയട്ടെ എന്നുപറഞ്ഞ് പോലീസ് സന്ധ്യയെ കൊണ്ടുപോയി”, അല്ലി പറഞ്ഞു.

”കൊച്ചിനെ അവള്‍ നടത്തിക്കാറേയില്ല. ഒക്കത്തുവെച്ചാണ് പോകാറ്. സന്ധ്യയ്ക്ക് മാനസികപ്രയാസമില്ല. ദേഷ്യംവന്നാല്‍ ഒച്ചപ്പാടുണ്ടാക്കും. വേറെ പ്രശ്നമില്ല. വീട്ടിലെ ജോലിയെടുക്കാനെല്ലാം മടിയാണ്. ദേഷ്യപ്പെട്ടാല്‍ പലതും വിളിച്ചുപറയും. ഭര്‍തൃവീട്ടില്‍ പലപ്പോഴും വഴക്കാണ്. ഭര്‍ത്താവ് പലപ്പോഴും തല്ലാറുണ്ടായിരുന്നു. ഭര്‍തൃമാതാവുമായും വഴക്കുണ്ടായിരുന്നു. കുഞ്ഞിനെ കൊല്ലാന്‍ കാരണമെന്താണെന്ന് അറിയില്ല. കൊച്ചിനോട് ഈ അക്രമംചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല”, സന്ധ്യയുടെ അമ്മ പ്രതികരിച്ചു.

കഴിഞ്ഞദിവസം വൈകീട്ടോടെ കാണാതായ മൂന്നുവയസ്സുകാരി കല്യാണിയുടെ മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ 2.20-ഓടെയാണ് പുഴയില്‍നിന്ന് കണ്ടെത്തിയത്. മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയില്‍നിന്ന് തിങ്കളാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് കല്യാണിയെ അമ്മ സന്ധ്യ കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇരുവരും തിരികെ എത്താത്തതിനാല്‍ വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ രാത്രി ഏഴുമണിയോടെ സന്ധ്യ കുറുമശ്ശേരിയിലെ സ്വന്തം വീട്ടിലെത്തിയെങ്കിലും കുട്ടി കൂടെയുണ്ടായിരുന്നില്ല.

പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെയാണ് മൂഴിക്കുളം പാലത്തിന് സമീപത്തുവെച്ച് കുഞ്ഞിനെ പുഴയിലെറിഞ്ഞതായി വ്യക്തമായത്. തുടര്‍ന്ന് ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയതോടെയാണ് പാലത്തിന്റെ മൂന്നാമത്തെ തൂണിന്റെ പരിസരത്ത് മണലില്‍ പതിഞ്ഞുകിടക്കുന്നനിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സന്ധ്യ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്നും പോലീസ് അറിയിച്ചു.

 

 

Back to top button
error: