
ന്യൂഡല്‍ഹി: ചാരക്കേസില്‍ അറസ്റ്റിലായ വ്ലോഗര്‍ ജ്യോതി മല്‍ഹോത്ര വീടുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് പിതാവ് ഹരിഷ് മല്‍ഹോത്ര. മകള്‍ പാക്കിസ്ഥാനിലേക്കു പോയതിനെ കുറിച്ചോ യൂട്യൂബ് ചാനലിനെക്കുറിച്ച് മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങളറിയില്ലെന്ന് ഹരിഷ് മല്‍ഹോത്ര പ്രതികരിച്ചു. ഡല്‍ഹിയിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് ജ്യോതി വീടുവിട്ടിറങ്ങിയതെന്നും മറ്റു വിവരങ്ങളൊന്നും പങ്കുവച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഡല്‍ഹിയില്‍ പോകുന്നെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അതിനപ്പുറം മറ്റൊന്നും എന്നോടു പറഞ്ഞിരുന്നില്ല. കോവിഡിനു മുന്‍പ് ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നതിനാല്‍ ഡല്‍ഹി യാത്രയെപ്പറ്റി കൂടുതലൊന്നും ഞാന്‍ ചോദിച്ചതുമില്ല. വീടിനുള്ളില്‍ വച്ചും മകള്‍ വിഡിയോകള്‍ ചിത്രീകരിക്കാറുണ്ടായിരുന്നു. അതിനാല്‍ സംശയമൊന്നും തോന്നിയില്ല’, ഹരിഷ് മല്‍ഹോത്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.

പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ കഴിഞ്ഞയാഴ്ചയാണ് ഹരിയാന സ്വദേശിയായ ജ്യോതി മല്‍ഹോത്ര അറസ്റ്റിലായത്. പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പ് ജ്യോതി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതായി ഹരിയാന പൊലീസ് സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാന്‍ യാത്രയ്ക്കിടെ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് പറഞ്ഞു. ജ്യോതി ചൈനയിലേക്കും യാത്ര നടത്തിയിട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.