CrimeNEWS

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിച്ച് കൊന്ന സംഭവം; പ്രതികളെ ന്യായീകരിച്ച് CISF വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ശബ്ദ സന്ദേശം

എറണാകുളം: നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് സിഐഎസ്എഫ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ശബ്ദ സന്ദേശം. കൊല്ലപ്പെട്ട ഐവിന്‍ ജിജോയെ ഗുണ്ടയായി ചിത്രീകരിക്കാനും ശ്രമം. ഐവിന്‍ അഞ്ച് പോലീസ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് വ്യാജപ്രചാരണം.

ശബ്ദ സന്ദേശം ഗ്രൂപ്പില്‍ ചര്‍ച്ചയായതോടെ ഡിലീറ്റ് ചെയ്തു. റെജി ജോര്‍ജ് എന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.’അവിടെ എന്താണ് സംഭവിച്ചതെന്നും ഇവര്‍ ആരൊക്കെയാണെന്നും അറിഞ്ഞാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. വലിയ ഗുണ്ടകളായിരുന്നു അവര്‍. ഇവരുടെ തര്‍ക്കങ്ങള്‍ പേര് പറയാത്ത ഒരു സ്ഥാപനത്തില്‍ വെച്ച് നടന്നു. പിന്നീട് പിന്നാലെ വന്ന് തര്‍ക്കമുണ്ടാക്കി. വണ്ടിക്ക് കുറുകെ വെച്ചു. നാലഞ്ച് പേര്‍ ഇറങ്ങിവന്ന് കൈകൊണ്ട് ചില്ലില്‍ അടിച്ചു. ആശുപത്രിയില്‍ കിടക്കുന്ന സാറിന്റെ മുഖത്തിനിട്ട് ഇടിച്ചു. അങ്ങനെ പലതരത്തിലുള്ള ആക്രമണം നടത്തി. വണ്ടിയുടെ ബോണറ്റില്‍ കയറിയിരുന്നപ്പോള്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ട് പോയില്ല. പെട്ടെന്ന് വാഹനം എടുത്തപ്പോള്‍ നാല് പേര്‍ സൈഡിലേക്ക് പോയി. ഒരുത്തന്‍ മാത്രം അതില്‍ കിടന്നു. അവന്‍ ആണെങ്കില്‍ ഇവിടുത്തെ അറിയപ്പെടുന്ന ഗുണ്ടയാണ്. അഞ്ചോളം കേസുണ്ട്. തീര്‍ത്തും അക്രമകാരിയായിരുന്നു. ശല്യം സഹിക്കാതെ സര്‍ അറ്റ കൈക്ക് ചെയ്തതാണ്. ജീവനും കൊണ്ട് ഓടിയപ്പോള്‍ അവന്‍ ആ ബോണറ്റില്‍ കിടന്നു. പിന്നെ ഇവനെ കൊല്ലാതെ പറ്റില്ലായിരുന്നു’ എന്നായിരുന്നു ശബ്ദസന്ദേശത്തില്‍ പറയുന്നത്.

Signature-ad

ശബ്ദ സന്ദേശത്തിന് പിന്നില്‍ ഉയര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ എന്ന് ഐ വിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. കൊന്നതിനുശേഷവും ഐവിന് മേല്‍ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കൊലപാതക കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നീക്കം സിഐഎസ്എഫ് ആരംഭിച്ചിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥരായ പ്രതികളെ എത്രയും പെട്ടന്ന് സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന് ഐവിന് ജിജോയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.

പ്രതികള്‍ നിലവില്‍ റിമാന്‍ഡിലാണ്. 37 മീറ്റര്‍ ബോണറ്റില്‍ വലിച്ചുകൊണ്ടുപോയ ശേഷം ഐവിന്‍ റോഡിലേക്ക് വീണ് കാറിനടിയില്‍ പെടുകയായിരുന്നു. ഐവിന്‍ ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Back to top button
error: