IndiaNEWS

ഇന്ത്യയില്‍ 140 കോടി ജനങ്ങളുണ്ട്, എല്ലാവര്‍ക്കും അഭയം നല്‍കാന്‍ ധര്‍മശാലയല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ലോകത്തുള്ള എല്ലാ അഭയാര്‍ഥികള്‍ക്കും അഭയം നല്‍കാന്‍ ഇന്ത്യ ധര്‍മ്മശാലയല്ലെന്ന് സുപ്രീം കോടതി. ഇന്ത്യയില്‍ അഭയാര്‍ഥിത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് പൗരന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 140 കോടി ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നും വിദേശത്ത് നിന്ന് അഭയാര്‍ഥികളാകാന്‍ എത്തുന്നവര്‍ക്കെല്ലാം അഭയം നല്‍കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, കെ. വിനോദ് ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.

നിരോധിത സംഘടനയായ എല്‍ടിടിഇയുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് 2015 ല്‍ അറസ്റ്റിലായ ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് പൗരന്റെ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018 ല്‍ വിചാരണക്കോടതി 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 2022 ല്‍ മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴ് വര്‍ഷമായി വെട്ടിക്കുറച്ചു. എന്നാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ രാജ്യം വിട്ടുപോകണമെന്നും അതുവരെ ഡിപോര്‍ട്ടേഷന്‍ ക്യാമ്പില്‍ കഴിയണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Signature-ad

അതേസമയം താന്‍ ഇന്ത്യയില്‍ എത്തിയത് നിയമപ്രകാരം ഉള്ള വിസയിലാണെന്നും തിരികെ ശ്രീലങ്കയിലേക്ക് മടങ്ങിയാല്‍ തന്റെ ജീവിതം അപകടത്തിലാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചു. തന്റെ ഭാര്യയും മക്കളും ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവരാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.

Back to top button
error: