
പത്തനംതിട്ട: കുങ്കി എന്ന തമിഴ് സിനിമയിലൂടെ ആനപ്രേമികളുടെ മനസില്‍ ഇടം നേടിയ ചെമ്മരപ്പള്ളി മാണിക്യന്‍ചരിഞ്ഞു. ഏറെ നാളായി പാദരോഗത്തിന്റെ ചികിത്സയിലായിരുന്നു മാണിക്യന്‍. ഇന്നലെ രാവിലെ കുളിപ്പിച്ചശേഷം പതിവുപോലെ നടത്തിക്കാനായി ഇറക്കിയപ്പോള്‍ പെട്ടെന്ന് വിറയല്‍ ഉണ്ടായി നിന്നു. തുടര്‍ന്ന് ഡോക്ടറെ വിളിച്ചുവരുത്തി ഇന്‍ജക്ഷന്‍ എടുത്തെങ്കിലും പിന്നിലേക്ക് ഇരുന്ന് ചരിയുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചിറ്റാറിലെ എസ്റ്റേറ്റില്‍ മാണിക്യനെ സംസ്‌കരിച്ചു.
ചുങ്കപ്പാറ കോട്ടാങ്ങല്‍ ചെമ്മരപ്പളി രഘുനാഥന്റെ ഉടമസ്ഥതിയിലുള്ള ആനയാണ് ശാന്ത സ്വഭാവിയായിരുന്ന മാണിക്യന്‍. ബീഹാറില്‍ നിന്നും കോട്ടയം പുതുപ്പള്ളി പാപ്പാല പറമ്പില്‍ പോത്തന്‍ വറുഗീസാണ് മാണിക്യനെ കേരളത്തിലെത്തിച്ചത്. 21 -ാംവയസ്സില്‍ 25 കൊല്ലം മുന്‍പാണ് കൊല്ലം സ്വദേശിയില്‍ നിന്നും രാഘുനാഥ ന്‍ മാണിക്യനെ സ്വന്തമാക്കിയത്. ഒന്‍പതടിയില്‍ കൂടുതല്‍ പൊക്കമുള്ള മാണിക്യന് എടുത്തു വകച്ച കൊമ്പുകളും ഉയര്‍ന്നു പൊങ്ങിയ തലക്കുനിയും ഒടിവില്ലാത്ത വാലും നിലംമുട്ടുന്ന തുമ്പികൈ. എടുത്ത വായുകുംഭം, ഭംഗിയുള്ള ചെവി, 18 നഖങ്ങള്‍ ഉള്‍പ്പടെ അഷ്ടഗജ ലക്ഷണങ്ങളില്‍ ഏറെയുമുണ്ടായിരുന്നു.

കാട്ടാനയെ തുരത്തുന്ന താപ്പാനയെ പ്രമേയമാക്കി 2012ല്‍ പുറത്തിറക്കിയ കുങ്കി എന്ന സിനിമയില്‍ നായകനായ വിക്രം പ്രഭുവിനൊപ്പം മാണിക്യനും ജനശ്രദ്ധ പിടിച്ചു പറ്റി. ഇതോടെ മാണിക്യന്‍ കേരളത്തിലേയും തമിഴ്‌നാട്ടിലെയും ആനപ്രേമികളുടെ ഇടയിലെ താരമായി മാറി. ആദ്യ കാലങ്ങളില്‍ തടിപിടുത്തത്തിനാണ് മാണിക്യനെ ഉപയോഗിച്ചിരുന്നത്.
സിനിമാ അഭിനയത്തിനുശേഷം മാണിക്യന്‍ പൂരപ്പറമ്പുകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. നീരില്‍ നില്‍ക്കുമ്പോഴും മാണിക്യന്‍ ഉടമസ്ഥനായ രഘുനാഥനും ഭാര്യയ്ക്കും മാനജര്‍ക്കും അടുത്തുചെല്ലുവാനും തീറ്റകൊടുക്കുവാനും സമ്മതിച്ചിരുന്നു. രഘുനാഥന് ചെമ്മരപ്പള്ളില്‍ ഗംഗാധരന്‍ എന്ന മറ്റൊരു ആനയുമുണ്ട്. ചരിഞ്ഞ മാണിക്യനെ കാണാന്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആളുകളെത്തി.