ട്രംപിന്റെ മൃദു പാകിസ്താന്‍ നിലപാടും ജെന്‍ട്രി തോമസ് ബീച്ചിന്റെ നിക്ഷേപങ്ങളും തമ്മിലെന്ത്? യുഎസ് പ്രസിഡന്റിന്റെ സഹപാഠി; ഇ-മെയില്‍ വിവാദത്തില്‍ അടക്കം പങ്കാളി: പാകിസ്താനിലും ബംഗ്ലാദേശിലും തുര്‍ക്കിയിലും ബില്യണ്‍ ഡോളര്‍ നിക്ഷേപം; ഇന്ത്യക്കു ചുറ്റും ത്രികോണ കൂട്ടായ്മ; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ശതകോടീശ്വരനും ചര്‍ച്ചയില്‍
ആരാണു ജെന്‍ട്രി? എന്തുകൊണ്ടാണു ലോകത്തിന്റെ മുന്നിലേക്ക് ഈ പേര് പെട്ടെന്ന് ഉയര്‍ന്നുവന്നത്? ടെക്സസ് ആസ്ഥാനമായുള്ള ഒരു നിക്ഷേപകനും ഡൊണാള്‍ഡ് ട്രംപിന്റെ ദീര്‍ഘകാല സുഹൃത്തും എന്നതിനപ്പുറം ആരാണ് ഇയാള്‍?

ന്യൂഡല്‍ഹി: തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പഹല്‍ഗാം ആക്രമണത്തിനുശേഷമുള്ള നിലപാടുകള്‍ ഏവരെയും അമ്പരപ്പിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനുശേഷവും പാകിസ്താനെക്കുറിച്ച് അമ്പരപ്പിക്കുന്ന തരത്തില്‍ നിഷ്പക്ഷമായ പരാമര്‍ശങ്ങളാണു ട്രംപ് നടത്തിയത്. ട്രംപിന്റെ മൗനത്തിനൊപ്പം മറ്റൊരു പേരുകൂടി ഉയര്‍ന്നുവന്നു- ജെന്‍ട്രി തോമസ് ബീച്ച്.
ആരാണു ജെന്‍ട്രി? എന്തുകൊണ്ടാണു ലോകത്തിന്റെ മുന്നിലേക്ക് ഈ പേര് പെട്ടെന്ന് ഉയര്‍ന്നുവന്നത്? ടെക്സസ് ആസ്ഥാനമായുള്ള ഒരു നിക്ഷേപകനും ഡൊണാള്‍ഡ് ട്രംപിന്റെ ദീര്‍ഘകാല സുഹൃത്തും എന്നതിനപ്പുറം ആരാണ് ഇയാള്‍? 1990 കളില്‍ ഇരുവരും വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ പഠിച്ചു. എന്നാല്‍, പാകിസ്താന്‍, ബംഗ്ലാദേശ്, തുര്‍ക്കി എന്നിവ ഉള്‍പ്പെടുന്ന പ്രധാന നിക്ഷേപ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ബീച്ച് പെട്ടെന്ന് മാറിയെന്ന് ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ട്രംപ് അധികാരമേറ്റ് പത്തു ദിവസത്തിന് ശേഷം ജനുവരി 30ന് ബീച്ച് ‘ട്രംപിന്റെ ആള്‍’ എന്ന് അവകാശപ്പെട്ട് ഇസ്ലാമാബാദിലെത്തിയിരുന്നു. വൈറ്റ് ബ്രിഡ്ജ് ഗ്ലോബല്‍ എന്ന കമ്പനിയുടെ കീഴില്‍ നിക്ഷേപകരുടെ ഒരു സംഘത്തോടൊപ്പമായിരുന്നു സന്ദര്‍ശനം. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ കണ്ട് ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. ‘അമേരിക്ക എക്കാലത്തും പാകിസ്താനെ സംരക്ഷിക്കുന്നു. ഈ മേഖലയില്‍തന്നെ നിങ്ങള്‍ ഞങ്ങളുടെ ആദ്യ പരിഗണനയാണെ’ന്ന് ഉറപ്പും നല്‍കി.
കറാച്ചിയുടെയും ഇസ്ലാമാബാദിന്റെയും ആകാശം പുനര്‍നിര്‍മ്മിക്കുന്നതിന് ബീച്ച് കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം വാഗ്ദാനം ചെയ്തു. വൈറ്റ് ബ്രിഡ്ജ് റിയല്‍ എസ്റ്റേറ്റ് വഴി, സിന്ധു നദിക്കടുത്തുള്ള പ്ലേസര്‍ സ്വര്‍ണ നിക്ഷേപം പര്യവേക്ഷണം ചെയ്യുന്നതിനായി അപെക്സ് എനര്‍ജിയുമായി കരാറില്‍ ഒപ്പുവച്ചു. പ്രാദേശിക കണക്കുകള്‍ അനുസരിച്ച് ഇത് ഏകദേശം 50 ട്രില്യണ്‍ ഡോളറിന്റെ ഇടപാടാണെന്നു വിശ്വസിക്കപ്പെടുന്നു.
ഹിമാലയത്തില്‍നിന്ന് ഒഴുകിയെത്തി സിന്ധു നദിക്കരയിലെ നിക്ഷേപമായി മാറിയ സ്വര്‍ണം പാകിസ്താനെ ആഗോള ഖനനത്തിലെ നിര്‍ണായക കേന്ദ്രമാക്കുമെന്നു കരുതപ്പെടുന്നു. യുഎസ് പ്രതിരോധ വകുപ്പിന്റെ ട്രസ്റ്റഡ് പാര്‍ട്ണര്‍ പ്രോഗ്രാമില്‍ ചേരാന്‍ പാകിസ്ഥാനെ സഹായിക്കുന്ന നിര്‍ണായക ധാതുക്കള്‍ ഖനനം ചെയ്യുന്നതിനെ കുറിച്ചും ബീച്ച് ചര്‍ച്ച ചെയ്തു.
പാകിസ്ഥാന്റെ ശക്തമായ സ്പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ കൗണ്‍സില്‍ വഴിയാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്. ഇതില്‍ സൈനിക മേധാവി അസിം മുനീര്‍, ലെഫ്റ്റനന്റ് ജനറല്‍ സര്‍ഫറാസ് അഹമ്മദ്, മേജര്‍ ജനറല്‍ തബാസും ഹബീബ് തുടങ്ങിയ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു.
ബീച്ച് അവിടെയും നിന്നില്ല. ധാക്കയിലേക്ക് പോയി, അവിടെ അദ്ദേഹം ബംഗ്ലാദേശിലെ ഉന്നത നേതാക്കളെ കാണുകയും ഹൈഗ്രൗണ്ട് ഹോള്‍ഡിംഗ്സ് എന്ന മറ്റൊരു കമ്പനിവഴി ഊര്‍ജ്ജ, ധാതു മേഖലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം, വൈറ്റ് ബ്രിഡ്ജ് ഗ്ലോബല്‍ ദുബായില്‍ തുര്‍ക്കി കമ്പനിയായ ടെറ ഹോള്‍ഡിംഗ്സുമായി 50-50 സംയുക്ത സംരംഭത്തില്‍ ഒപ്പുവച്ചു. ഇന്ത്യയെ സംബന്ധിച്ചത്തോളം തന്ത്രപരമായ ത്രികോണ സഖ്യത്തിനായിരുന്നു ബീച്ച് തുടക്കമിട്ടത്. തുര്‍ക്കി, പാകിസ്താന്‍, ബംഗ്ലാദേശ്.
ട്രംപുമായുള്ള ബീച്ചിന്റെ ബന്ധങ്ങള്‍ ഏറെ പ്രശസ്തമാണ്. വംശീയ അധിക്ഷേപങ്ങള്‍ അടങ്ങിയ ഇ മെയിലുകള്‍ ചോര്‍ന്നതുള്‍പ്പെടെയുള്ള കോടതി കേസുകള്‍വരെ ഇതു നീളുന്നു. ബീച്ചും അദ്ദേഹത്തിന്റെ മുന്‍ തൊഴിലുടമയും തമ്മിലുള്ള നിയമയുദ്ധത്തിനിടെയാണ് ഈ ഇമെയിലുകള്‍ പുറത്തുവന്നത്. ലോഞ്ചിംഗ് സൂണ്‍ എന്നു പ്രഖ്യാപിച്ചിരുന്ന വൈറ്റ്ബ്രിഡ്ജ്പാകിസ്താന്‍.കോം എന്ന വെബ്‌സൈറ്റ് ഇപ്പോള്‍ സജീവമാണ്.
ട്രംപ് പ്രസിഡന്റായതിന് തൊട്ടുപിന്നാലെ പെട്ടെന്നു നടത്തിയ ദക്ഷിണേഷ്യന്‍ യാത്രയുടെ സ്വഭാവം, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍, ട്രംപിന്റെ കുടുംബവുമായി ബന്ധമുള്ള വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലും പാകിസ്ഥാന്‍ തിടുക്കത്തില്‍ സൃഷ്ടിച്ച ക്രിപ്റ്റോ കൗണ്‍സിലും തമ്മിലുള്ള സമീപകാല ക്രിപ്റ്റോകറന്‍സി ഇടപാടുകളും ബീച്ചുമായുള്ള ബന്ധവും ഉത്തരത്തെക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്.
പതിവിനു വിപരീതമായി അടുത്തിടെ ബംഗ്ലാദേശിലെ നേതാക്കളില്‍നിന്നും ഇന്ത്യക്കെതിരേ ഉയര്‍ന്ന നിലപാടുകളും തുര്‍ക്കിയുടെ പാകിസ്താന്‍ ചായ്വുമെല്ലാം ബീച്ചിന്റെ ഇടപെടലുമായി ബന്ധപ്പെടുത്തിയാണ് ഇന്ത്യയിലെ നയതന്ത്ര വിദഗ്ധര്‍ കൂട്ടിവായിക്കുന്നത്. അതുവരെ തീവ്രവാദത്തിനെതിരേ കര്‍ശന നിലപാടെടുത്തിരുന്ന ഡോണള്‍ഡ് ട്രംപ് യുദ്ധത്തിനെതിരേ ശക്തമായി രംഗത്തുവന്നതും ഇതുമായി ചേര്‍ത്തുവയ്ക്കാമെന്നും ഇവര്‍ പറയുന്നു.