രോഹിത്ത് ഒരിക്കലും സ്ഥിരതയുള്ള കളിക്കാരന്‍ ആയിരുന്നില്ലെന്ന് മുഹമ്മദ് കെയ്ഫ്; ആദ്യ കളികളില്‍ അദ്ദേഹം പരാജയപ്പെടും, ഗംഭീര തിരിച്ചുവരവും നടത്തും; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതു നാം കണ്ടു; കോലിയെയും രോഹിത്തിനെയും കളിക്കാന്‍ അനുവദിക്കണമെന്നും മുന്‍ താരം

ന്യൂഡല്‍ഹി: രോഹിത്ത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കിയതിനു പിന്നാലെ രോഹിത്തിന്റെ കളിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവം. ടി20യില്‍നിന്നും ടെസ്റ്റില്‍നിന്നും വിരമിച്ച രോഹിത്ത്, നിലവില്‍ ടീമിലെ സാധാരണ കളിക്കാരന്‍ മാത്രമാണ്. 2027ലെ ലോകകപ്പ് കളിക്കുമോ എന്നതിലും വ്യക്തതയില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ടൂര്‍ണമെന്റിനു മുമ്പായി അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന സൂചനകളും ചില സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ നല്‍കുന്നു.
അതേസമയം, രോഹിത്ത് ഒരിക്കലും സ്ഥിരതയുള്ള കളിക്കാരനായിരുന്നില്ലെന്നും ചില നിര്‍ണായക കളികളില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തെന്നും മുന്‍ ഇന്ത്യന്‍ ടീം താരം മുഹമ്മദ് കെയ്ഫ് പറഞ്ഞു. രോഹിത്തിനെക്കാള്‍ സ്ഥിരതയുണ്ടായിരുന്നത് കോലിക്കായിരുന്നു. പക്ഷേ, കളികള്‍ വിജയിക്കാനുള്ള നീക്കങ്ങള്‍ രോഹിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഓസ്‌ട്രേലിയയില്‍കൂടി അദ്ദേഹം പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്നു ജനം വിലയിരുത്തും.
അദ്ദേഹത്തിന്റെ ഇന്നിംഗ് നോക്കുകയാണെങ്കില്‍ ആദ്യ ഒന്നു രണ്ടു കളികളില്‍ പരാജയപ്പെടുകയും പിന്നീടു ഗംഭീരമായി തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ കളികളിലൊന്നും അദ്ദേഹം വലിയ സ്‌കോര്‍ നേടിയില്ല. പക്ഷേ, ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍ (പ്ലെയര്‍ ഓഫ് ദി മാച്ച്) രോഹിത്തായിരുന്നു!
കോലിക്കും രോഹിത്തിനും കൂടുതല്‍ ചാന്‍സ് ലോകകപ്പിനു മുമ്പായി നല്‍കണം. പരിചയ സമ്പന്നരായ കളിക്കാര്‍ ടീമില്‍ ആവശ്യമാണ്. അവര്‍ അതിനുമുമ്പ് വിരമിക്കാന്‍ തീരുമാനിച്ചാല്‍, അത് അവരുടെ തീരുമാനമാണ്. എന്നാല്‍, ടീമില്‍ തുടരാന്‍ അനുവദിച്ചാല്‍ മത്സരം വിജയിപ്പിക്കാനുള്ള കളി അവര്‍ പുറത്തെടുക്കുമെന്നാണു കരുതുന്നതെന്നും കെയ്ഫ് പറഞ്ഞു.
നേരത്തേ, രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍നിന്നു മാറ്റിയ തീരുമാനത്തെ അനുകൂലിച്ച് സൗരവ് ഗാംഗുലിയും രംഗത്തു വന്നിരുന്നു. ഇത് ഒരാളെ വെട്ടിനിരത്തിയതല്ലെന്നും കളിക്കാരന്റെ കരിയറില്‍ സംഭവിക്കുന്ന മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഇതു തന്റെ കാര്യത്തിലും ദ്രാവിഡിന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. മികച്ച ക്രിക്കറ്റ് ആരു കളിക്കുന്നു എന്നതിലാണു പ്രധാന്യമെന്നും ഗാംഗുലി പറഞ്ഞു.

‘ഇക്കാര്യത്തില്‍ രോഹിത്തുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. ഇതൊരു പുറത്താക്കലാണെന്നു ഞാന്‍ കരുതുന്നില്ല. തീരുമാനങ്ങള്‍ക്കു മുമ്പ് രോഹിത്തിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെകൂടി തീരുമാനമാണിതെന്നാണ് കരുതുന്നത്’- ഗാംഗുലി പറഞ്ഞു. രോഹിത്ത് സമാനതകളില്ലാത്ത കളിക്കാരനാണ്. ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും അദ്ദേഹം ഇന്ത്യയിലെത്തിച്ചു. പെര്‍ഫോമന്‍സ് എന്നതു രോഹിത്തിന്റെ കാര്യത്തില്‍ പ്രസക്തിയില്ല. 2027ല്‍ രോഹിത്തിന് 40 വയസ് കഴിയും. സ്‌പോര്‍ട്‌സില്‍ അതൊരു വലിയ സംഖ്യയാണ്. ഇത് എന്റെ കാര്യത്തില്‍ സംഭവിച്ചു, ദ്രാവിഡിന്റെ കാര്യത്തിലും സംഭവിച്ചു. ഇത് എല്ലാവരുടെ കാര്യത്തിലും സംഭവിക്കും. ശുഭ്മാന്‍ ഗില്‍ 40 വയസിലെത്തുമ്പോള്‍ അദ്ദേഹവും മാറേണ്ടിവരും’- ഗാംഗുലി പറയുന്നു.
ഗില്ലിനെ ഇന്ത്യന്‍ ക്യാപ്റ്റനായി നിയമിച്ച നടപടിയെയും ഗാംലുലി അനുകൂലിച്ചു. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഗില്‍ മികച്ച കളി പുറത്തെടുത്തു. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച തീരുമാനങ്ങളെടുത്തു. 754 റണ്‍സ് അദ്ദേഹം നേടി. ഇതില്‍ നാലു സെഞ്ചുറികളുമുണ്ട്. സുനില്‍ ഗവാസ്‌കറിനെയും ഗ്രഹാം ഗൂച്ചിനെയും ഗില്‍ മറികടന്നു. ഗില്ലിനെ പ്രോത്സാഹിപ്പിക്കുന്നത് മോശം തീരുമാനമല്ല. ഇതൊരു മര്യാദയുള്ള തീരുമാനമാണെന്നാണു കരുതുന്നതെന്നും ഗാംഗുലി പറയുന്നു.
‘ഇത്ര ചെറുപ്പത്തില്‍ ഈ പദവി വേണമായിരുന്നോ എന്നാതാണ് മറ്റൊരു ചോദ്യം. പക്ഷേ, അദ്ദേഹത്തിന്റെ പ്രകടനം ‘എക്‌സ്ട്രാ ഓര്‍ഡിനറി’ ആണ്. ആ സാഹചര്യത്തില്‍ ‘എക്‌സ്ട്രാ ഓര്‍ഡിനറി’യായ തീരുമാനങ്ങളും സംഭവിക്കും. ഫിറ്റ്‌നസ് നിലനിര്‍ത്തിയാല്‍ രോഹിത്തിന് ആഭ്യന്തര ക്രിക്കറ്റില്‍ ഇനിയും കളിക്കാന്‍ കഴിയും. ടെന്നീസില്‍ റോജര്‍ ഫെഡററും നദാലും മറഡോണയും ഒരു ദിവസം കളി നിര്‍ത്തി. രോഹിത്തിന്റെ സംഭാവനകള്‍ എക്കാലത്തും ഓര്‍മിക്കപ്പെടും. ഭാവിയെന്നതു ഗില്ലിനു വിട്ടുകൊടുക്കുന്നതാണ് മികച്ച തീരുമാനം’- ഗാംഗുലി പറഞ്ഞു.

2021ലെ സൗത്താഫ്രിക്കന്‍ പര്യടനത്തിനു തൊട്ടുമുമ്പാണ് വിരാട് കോലിയില്‍ നിന്നും ഏകദിന ടീമിന്റെ സ്ഥിരം നായകസ്ഥാനം രോഹിത് ശര്‍മയിലേക്കു വരുന്നത്. ഇതേ വര്‍ഷം നടന്ന ഐസിസി ടി20 ലോകകപ്പിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞിരുന്നു. എങ്കിലും ഏകദിനത്തില്‍ ക്യാപ്നായി തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
പക്ഷെ വൈറ്റ് ബോള്‍ ഫോര്‍ാറ്റില്‍ രണ്ടു വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്നത് ശരിയാവില്ലെന്നു ചൂണ്ടിക്കാട്ടി അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും കോലിയെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ടി20, ഏകദിന ക്യാപ്റ്റന്‍സി രോഹിത്തിനെ ഏല്‍പ്പിക്കുകയും ചെയ്തു.
അദ്ദേഹത്തിനു കീഴില്‍ 56 ഏകദിനങ്ങളിലാണ് ടീം കളിച്ചിട്ടുള്ളത്. ഇവയില്‍ 42ലും വിജയം കൊയ്തപ്പോള്‍ തോറ്റത് വെറും 12 എണ്ണത്തില്‍ മാത്രമാണ്. ഒരു മല്‍സരം ടൈയില്‍ കലാശിച്ചപ്പോള്‍ ഒന്നു ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഈ വര്‍ഷമാദ്യം യുഎഇയില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ അവസാനമായി കളിച്ചത്. അന്നു ഒരു കളി പോലും തോല്‍ക്കാതെയാണ് ഇന്ത്യന്‍ ടീം കിരീടം ചൂടിയത്.






