പാകിസ്താനു കുടിവെള്ളം മുട്ടിക്കാനുള്ള പദ്ധതികള്‍ അണിയറയില്‍; കനാല്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് വെള്ളം വഴിതിരിച്ചുവിടും; പോഷക നദികളില്‍ അഞ്ച് ജലവൈദ്യുത പദ്ധതികള്‍; 90 ശതമാനം വെള്ളവും ഊറ്റിയെടുക്കും; ഉദ്യോഗസ്ഥര്‍ക്ക് മോദി നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ട്
സിന്ധു നദിയിലെ മൂന്നു ജലാശയങ്ങളായ ചെനാബ്, ഝലം സിന്ധു നദികളിലെ പദ്ധതികളുടെ നിര്‍വഹണം, ആസൂത്രണം എന്നിവ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടെന്നു ആറ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ന്യൂഡല്‍ഹി/ഇസ്ലാമാബാദ്: പഹല്‍ഗാം തീവ്രവാദി ആക്രമണത്തിനു പിന്നാലെ പാകിസ്താനു വെള്ളം നല്‍കുന്നതു പരിമിതപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികളുമായി രംഗത്ത്. പാകിസ്താനിലെ കൃഷിയിടങ്ങളെ പോഷിപ്പിക്കുന്ന ജലത്തിന്റെ അളവു കുറയ്ക്കാനും ഇന്ത്യയിലേക്കുതന്നെ വഴിതിരിച്ചു വിടാനുമുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് ഇന്ത്യയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ട്. ഇതിനായി പ്രധാനപ്പെട്ട പദ്ധതികള്‍ നടപ്പാക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഭീകരാക്രമണത്തില്‍ 26 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് 1960ലെ സിന്ധുനദീജല ഉടമ്പടിയില്‍നിന്ന് കേന്ദ്രം പിന്‍മാറിയത്. ഇതിനു പിന്നാലെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. യുദ്ധത്തിനു പിന്നാലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും വെള്ളം നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല.

സിന്ധു നദിയിലെ മൂന്നു ജലാശയങ്ങളായ ചെനാബ്, ഝലം സിന്ധു നദികളിലെ പദ്ധതികളുടെ നിര്‍വഹണം, ആസൂത്രണം എന്നിവ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടെന്നു ആറ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. പ്രധാനമായും പാകിസ്താന്റെ ഉപയോഗത്തിനുള്ള സിന്ധു നദിയിലെ മൂന്ന് ജലാശയങ്ങളായ ചെനാബിലെ രണ്‍ബീര്‍ കനാലിന്റെ നീളം 120 കിലോമീറ്ററായി ഇരട്ടിയാക്കുന്നതാണ് പദ്ധതികളിലൊന്ന്. ഇന്ത്യയിലൂടെ പാകിസ്താന്റ കാര്‍ഷിക ശക്തികേന്ദ്രമായ പഞ്ചാബിലേക്കു വെള്ളം നല്‍കുന്ന പദ്ധതിയിലാണിത്. 19-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച കനാല്‍ പുനരുദ്ധരിച്ചു നീളം വര്‍ധിപ്പിച്ച് ഇന്ത്യയിലേക്കു വഴിതിരിച്ചുവിടും. വന്‍ തോതില്‍ ജലത്തിന്റെ കുറവ് ഇതു പാകിസ്താനിലുണ്ടാക്കും.
കരാറിനെ തുടര്‍ന്നു ജലസേചനത്തിനായി ചെനാബില്‍നിന്ന് പരിമിതമായ അളവിലാണ് ഇന്ത്യ വെള്ളമെടുക്കുന്നത്. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കനാല്‍ വികസിപ്പിച്ചാല്‍ നിലവിലെ 40 ക്യുബിക് മീറ്ററില്‍നിന്ന് സെക്കന്‍ഡില്‍ 150 ക്യുബിക് മീറ്റര്‍ വെള്ളമെടുക്കാന്‍ ഇന്ത്യക്കു കഴിയും. ഇതു സംബന്ധിച്ച രേഖകള്‍ പരിശോധിച്ചെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അണക്കെട്ടുകളുടെ വികസനം ഉള്‍പ്പെടെയുള്ള പദ്ധതികളുണ്ടെന്നു നേരത്തെ വിവരങ്ങള്‍ പുറത്തുവന്നെങ്കിലും രണ്‍ബീര്‍ കനാല്‍ വികസിപ്പിക്കുന്നതിനെ ക്കുറിച്ചു ചര്‍ച്ചകള്‍ പുറത്തുവന്നിരുന്നില്ല. സിന്ധു നദീതട സംവിധാനത്തില്‍ നിരവധി പദ്ധതികള്‍ നടത്തുന്ന ഇന്ത്യന്‍ ജലവൈദ്യുത ഭീമനായ എന്‍എച്ച്പിസിയോടും ഇക്കാര്യത്തില്‍ അഭിപ്രായം തേടിയിട്ടുണ്ടെന്നാണു വിവരം.
പാകിസ്ഥാനിലെ ഏകദേശം 80% കൃഷിയിടങ്ങളും സിന്ധു നദീതട സംവിധാനത്തെ ആശ്രയിച്ചാണുള്ളത്. ഏകദേശം 250 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്തിന് സേവനം നല്‍കുന്ന മിക്കവാറും എല്ലാ ജലവൈദ്യുത പദ്ധതികളും ഇന്ത്യ നല്‍കുന്ന വെള്ളത്തെ ആശ്രയിച്ചാണുള്ളത്. മേയ് ആദ്യംമുതല്‍ ഇന്ത്യ ചില സിന്ധു പദ്ധതികള്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതിനുശേഷം പാകിസ്താനിലെ പ്രധാന സംഭരണികളില്‍ 90 ശതമാനംവരെ ജലത്തിന്റെ അളവു കുറഞ്ഞു.
വെള്ളവും രക്തവും ഒരുമിച്ച് ഒഴുക്കാന്‍ കഴിയില്ലെന്ന് അടുത്തിടെ പ്രസംഗത്തില്‍ മോദി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ‘മോദി പറയുന്നതു നടപ്പാക്കു’മെന്നു ജലമന്ത്രി സി.ആര്‍. പാട്ടീലും വ്യക്തമാക്കിയിരുന്നു. ജലം നിര്‍ത്തിവയ്ക്കുന്നതു നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യക്കു കത്തയച്ചെന്നാണു പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദാര്‍ നിയമസഭാംഗങ്ങളോടു പറഞ്ഞത്.
വിജയ ഭീഷണി
ഭൗമരാഷ്ട്രീയമായി ബന്ധപ്പെട്ടു ലോകത്തിലെ ഏറ്റവും പിരിമുറുക്കമുള്ള ചില പ്രദേശങ്ങളിലൂടെയാണ് സിന്ധു നദീജല സംവിധാനം കടന്നുപോകുന്നത്. ടിബറ്റിലെ മാനസസരോവര്‍ തടാകത്തിന് സമീപം ഉത്ഭവിച്ച് ഇന്ത്യയുടെ വടക്ക്, പാകിസ്താന്റെ കിഴക്ക്, തെക്കുകിഴക്ക് ഭാഗങ്ങളിലൂടെ ഒഴുകി അറേബ്യന്‍ കടലിലേക്ക് ഒഴുകുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിരവധി പ്രധാന യുദ്ധങ്ങളെയും ദീര്‍ഘകാല സംഘര്‍ഷങ്ങളെയും അതിജീവിച്ച ഈ ഉടമ്പടി ലോകത്തിലെ ഏറ്റവും വിജയകരമായ ജല പങ്കിടല്‍ കരാറുകളിലൊന്നായി കണക്കാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുമ്പ് ഇന്ത്യ മുന്നോട്ടുവച്ച എല്ലാ പദ്ധതികളെയും പാകിസ്താന്‍ എതിര്‍ത്തിരുന്നു. ജനസംഖ്യാ വര്‍ധനവു പരിഗണിച്ച് ജലവൈദ്യുത പദ്ധതികളുടെ നടത്തിപ്പിന് 2023 മുതല്‍ ഉടമ്പടിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഇന്ത്യ. നിലവില്‍ സത്‌ലജ്, ബിയാസ്, രവി എന്നീ പോഷക നദികളിലെ ജലം ഉചിതമായി ഉപയോഗിക്കാന്‍ ഇന്ത്യക്കു സ്വാതന്ത്ര്യമുണ്ട്.
രണ്‍ബീര്‍ കനാല്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ക്കൊപ്പം, പാകിസ്താന് അനുവദിച്ച നദികളില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം കുറയ്ക്കുന്ന പദ്ധതികളും ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന് രണ്ടു സര്‍ക്കാര്‍ രേഖകളും ഈ വിഷയത്തില്‍ പരിചയമുള്ള അഞ്ചപേരുമായുള്ള അഭിമുഖങ്ങളും വ്യക്തമാക്കുന്നെന്ന് റോയിട്ടേഴ്‌സ് പറയുന്നു. സിന്ധു, ചെനാബ്, ഝലം എന്നിവിടങ്ങളില്‍നിന്ന് മൂന്ന് വടക്കേ ഇന്ത്യന്‍ നദികളിലേക്കു വെള്ളം വിതരണം ചെയ്യുന്നതിനു ജലപദ്ധതികള്‍ കൈകാര്യം ചെയ്യുന്ന വൈദ്യുതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ നിര്‍ദേശമാണ് ഇതിലൊന്ന്.
ജലവൈദ്യുത പദ്ധതികളുടെ ശേഷി 12,000 മെഗാവാട്ടായി വര്‍ദ്ധിപ്പിക്കുന്നതിനു ജമ്മു കശ്മീര്‍ പ്രദേശത്തെ ജലവൈദ്യുത പദ്ധതികളുടെ പട്ടികയും ഡല്‍ഹി പുറത്തുവിട്ടിട്ടുണ്ട്. നിലവില്‍ 3,360 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പട്ടികയും നേരിട്ടു വിലയിരുത്തിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീര്‍ സംഭവത്തിനു മുമ്പേതന്നെ തയാറാക്കിയ പട്ടികയാണിതെന്നും പറയുന്നു. വലിയ അളവില്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന അണക്കെട്ടുകളും പദ്ധതിയിലുണ്ട്. ചെനാബ്, ഝലം നദികളുടെ പോഷക നദികളില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന അഞ്ചു സാധ്യതകള്‍ ഇന്ത്യയുടെ മുന്നിലുണ്ട്. ഇതില്‍ നാലെണ്ണം ചെനാബിന്റെയും ഝലം നദിയുടെയും പോഷക നദികളാണ്.
എന്നാല്‍, ഇന്ത്യയുടെ നടപടി ഇരു രാജ്യങ്ങളില്‍ മാത്രമായി ഒതുങ്ങില്ലെന്നു ഭയപ്പെടുന്ന നിരീക്ഷകരുമുണ്ട്. ഭൗമരാഷ്ട്രീയം ശക്തമാകുമ്പോള്‍ ഇസ്ലാമാബാദിനെതിരേയുള്ള ഡല്‍ഹിയുടെ തന്ത്രം സ്വീകരിക്കാന്‍ ബീജിംഗിനും അവസരമുണ്ടാക്കുമെന്ന് യുഎസില്‍നിന്നുള്ള വിദഗ്ധര്‍ പറയുന്നു.