Breaking NewsIndiaLead NewsLIFENEWSNewsthen SpecialWorld

തുര്‍ക്കി ബന്ധം: സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യക്കെതിരേ സെലെബി ഏവിയേഷന്‍സ് കോടതിയില്‍; കമ്പനിയുടെ ഓഹരി വിപണിയിലും വന്‍ തകര്‍ച്ച; ഒറ്റ ദിവസംകൊണ്ട് 200 ദശലക്ഷം ഡോളറിന്റെ ഇടിവ്; ജീവനക്കാരെ പിരിച്ചുവിടുന്നെന്നും റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യയിലെ വിമാനത്താവള ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് നല്‍കുന്ന തുര്‍ക്കി ആസ്ഥാനമായുള്ള സെലെബി നിയമ നടപടിക്ക്. തെറ്റായ ആരോപണം ഉന്നയിച്ചാണു സുരക്ഷാ അനുമതി റദ്ദാക്കിയതെന്നു ചൂണ്ടിക്കാട്ടിയാണു ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി നല്‍കിയതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ പാകിസ്ഥാനോടുള്ള തുര്‍ക്കിയുടെ നിലപാടിനു പിന്നാലെ ഇന്ത്യയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണു ‘ദേശീയ സുരക്ഷയുടെ താല്‍പ്പര്യം’ കണക്കിലെടുത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച സെലെബിയുടെ സുരക്ഷാ അനുമതി റദ്ദാക്കിയത്. തീരുമാനം റദ്ദാക്കണമെന്നും 3791 പേരുടെ തൊഴിലിനെയും നിക്ഷേപകരുടെ വിശ്വാസത്തെയും ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു സെലെബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യ പരാതി നല്‍കിയത്. കമ്പനിക്കു മുന്നറിയിപ്പു നല്‍കാതെയാണു നടപടിയെന്നും ഇവര്‍ വാദിക്കുന്നു.

Signature-ad

‘ഒരു സ്ഥാപനം ദേശീയ സുരക്ഷയ്ക്ക് എങ്ങനെ ഭീഷണിയാണെന്നു വിശദീകരിക്കാതെയാണു ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടിയുള്ള നടപടിയെന്നും ഇതു നിയമപരമായി നിലനില്‍ക്കില്ലെന്നു’മാണു കമ്പനിയുടെ നിലപാട്. ‘ദേശീയ സുരക്ഷയെക്കുറിച്ചുള്ള അവ്യക്തവും പൊതുവായതുമായ പരാമര്‍ശം ഒഴികെ, പ്രത്യേകമോ സാരവത്തായതോആയ ഏതെങ്കിലും കാരണം വെളിപ്പെടുത്തുന്നതില്‍ ഈ ഉത്തരവ് പരാജയപ്പെടുന്നെന്നും പ്രത്യേകിച്ചു കാരണങ്ങളോ ന്യായീകരണമോ അനുമതി റദ്ദാക്കിയുള്ള നടപടിയില്‍ വ്യക്തമാക്കുന്നില്ലെന്നും ന്യൂഡല്‍ഹി, കേരളം, ബെംഗളൂരു, ഹൈദരാബാദ്, ഗോവ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും’ സെലെബി പരാതിയില്‍ പറഞ്ഞു.

ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനോടു റോയിട്ടേഴ്‌സ് പ്രതിനിധികള്‍ അഭിപ്രായം ആരാഞ്ഞെങ്കിലും പ്രതികരിച്ചിട്ടില്ല. കേസ് തിങ്കളാഴ്ച പരിഗണിച്ചേക്കും. സെലെബിയുടെ ഫയലിംഗില്‍, അതിന്റെ ഓഹരി ഉടമകള്‍ തുര്‍ക്കിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഗ്രൂപ്പിന്റെ ‘ഭൂരിപക്ഷം അന്തിമ നിയന്ത്രണവും’ തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കാത്ത കമ്പനികളാണ് വഹിക്കുന്നതെന്ന് പറഞ്ഞു.

പ്രശ്‌നത്തിന്റെ ഗൗരവവും ദേശീയതാത്പര്യവും പരിഗണിച്ചാണു സെലെബിക്കെതിരായ നടപടിയെന്നു വ്യാഴാഴ്ച ക്ലിയറന്‍സ് റദ്ദാക്കിക്കൊട്ട് വ്യോമയാന സഹമന്ത്രി മുരളീധര്‍ മോഹോള്‍ എക്‌സില്‍ കുറിച്ചു. ശിവസേനയടക്കമുളള പാര്‍ട്ടികള്‍ സെലെബിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

നിലവില്‍ കേന്ദ്ര നടപടിക്കു പിന്നാലെ 200 മില്യണ്‍ ഡോളറിനു തുല്യമായ ഇടിവു കമ്പനിയുടെ ഓഹരികളിലുണ്ടായെന്നാണു റിപ്പോര്‍ട്ട്. ആഗോള വരുമാനത്തില്‍ മൂന്നിലൊന്നിന്റെ ഇടവുമുണ്ടായി. ഈ വര്‍ഷം വ്യോമയാന മേഖലയിലുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണിതെന്നും ചൂണ്ടിക്കാട്ടുന്നു. ഇസ്താംബൂള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 222 പോയിന്റിന്റെ ഇടിവാണു രേഖപ്പെടുത്തിയത്. ഇതോടെ വിപണി മൂലധനം 10,700 കോടിയായി (ഏകദേശം 4.8 ബില്യണ്‍ ടര്‍ക്കിഷ് ലിറ) താഴ്ന്നു.

സെലബിയുടെ പ്രവര്‍ത്തനങ്ങളെ ഇന്ത്യയുടെ നടപടി കാര്യമായി ബാധിക്കുമെന്നാണു വിലയിരുത്തുന്നത്. 2024ല്‍ 1522 കോടി വരുമാനവും 393 കോടിയുടെ നികുതിയിതര ലാഭവും കമ്പനിക്കുണ്ടായിരുന്നു. 188 കോടി നികുതിക്കുശേഷമുള്ള ലാഭമായും ലഭിച്ചു. സെലെബിയുടെ 585 മില്യണ്‍ ഡോളറിന്റെ ആഗോള വരുമാനത്തില്‍ 195 മില്യണിലധികം ഇന്ത്യയില്‍നിന്നാണ്. പെട്ടെന്നുള്ള നടപടിയിലൂടെ കമ്പനിക്കുണ്ടാകുന്ന നഷ്ടവും ഇതിലൂടെ വ്യക്തമാണ്.

ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലെ പ്രവര്‍ത്തനം നടപടിക്കു പിന്നാലെ നിര്‍ത്തിവയ്പിച്ചു. ഇവിടങ്ങളില്‍ മറ്റു കമ്പനികള്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ കമ്പനിക്കു 183 കോടി രൂപയുടെ വായ്പകളുണ്ട്. 250 മിലണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇവര്‍ ഇന്ത്യയിലെ കമ്പനിയില്‍ നടത്തിയത്.

 

Back to top button
error: