കാര്‍ഗില്‍ യുദ്ധസമയം രണ്ടുമാസം ഗര്‍ഭിണി; പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ മുന്‍നിരയില്‍ നിന്ന ഇന്ത്യയുടെ ഉരുക്കുവനിത

1999ല്‍ കാര്‍ഗില്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം, ലഡാക്കിലെ ഒരു യുദ്ധഭൂമിയില്‍ അതിര്‍ത്തിയില്‍ സധൈര്യം സേവനമനുഷ്ഠിക്കുകയാണ് ഒരു വനിതാ ആര്‍മി ഓഫീസര്‍. രണ്ട് മാസം ഗര്‍ഭിണിയായിരിക്കെ എല്ലാ വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് അതിര്‍ത്തില്‍ പോരാടിയ ആ ധീരവനിത ക്യാപ്ടന്‍ യാഷിക ഹത്വാല്‍ ത്യാഗി ആണ്.
ഇപ്പോള്‍ വിരമിച്ച 51കാരിയായ യാഷിക, കാര്‍ഗില്‍ യുദ്ധസമയത്ത് സൈന്യത്തിലുണ്ടായിരുന്ന ചുരുക്കം വനിതാ ഓഫീസര്‍മാരില്‍ ഒരാളാണ്. 1999 മേയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്റെ രണ്ടാമത്തെ കുഞ്ഞിനെ വയറ്റില്‍ ചുമക്കുകയായിരുന്നു യാഷിക. ശാരീരിക, മാനസിക സംഘര്‍ഷങ്ങള്‍ക്കിടയിലും രാജ്യസേവനം തുടരാന്‍ തന്നെ യാഷിക തീരുമാനിച്ചു. യുദ്ധസമയം ലേ ലഡാക്കില്‍ ലോജിസ്റ്റിക്സ് ആന്റ് സപ്പോര്‍ട്ട് വിഭാഗത്തിലായിരുന്നു യാഷിക പ്രവര്‍ത്തിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ ലോജിസ്റ്റിക്‌സ് വിഭാഗത്തിലെ ആദ്യ വനിതാ ഓഫീസര്‍ എന്ന ചരിത്രനേട്ടവും യാഷികയ്ക്ക് സ്വന്തമാണ്. യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ക്കുള്ള ആയുധങ്ങള്‍, തണുത്ത കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങള്‍, ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ സുഗമമായ വിതരണം ഉറപ്പാക്കുക എന്നതായിരുന്നു യാഷികയുടെ ചുതമല.

യുദ്ധകാലത്തെ സേവനത്തിന് രണ്ട് മെഡലുകളും യാഷികയെ തേടിയെത്തി. കൂടാതെ ലോജിസ്റ്റിക്‌സ് വിഭാഗത്തിലെ ഒരു വനിതാ ഓഫീസര്‍ ആദ്യമായി യുദ്ധ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ ബഹുമതിയും ഈ ഉദ്യോഗസ്ഥയ്ക്ക് ലഭിച്ചു.
ഡെറാഡൂണിലെ ഒരു സൈനിക കുടുംബത്തിലാണ് യാഷിക ജനിച്ചത്. 1962, 65, 71 യുദ്ധങ്ങളില്‍ പങ്കാളിയായിരുന്ന ആര്‍മി കേണലിന്റെ മകളാണ് യാഷിക. സൈനിക സേവനത്തിനിടെ പിതാവ് മരണപ്പെടുമ്പോള്‍ യാഷികയ്ക്ക് വെറും ഏഴ് വയസായിരുന്നു പ്രായം. തന്റെ പിതാവ് മരണപ്പെട്ട സമയത്ത് ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് ലഭിച്ച പിന്തുണയാണ് പിതാവിന്റെ പാത പിന്തുടരാന്‍ യാഷികയ്ക്ക് പ്രചോദനമായത്.
യാഷികയുടെ രണ്ട് സഹോദരിമായും സൈന്യത്തില്‍ ചേര്‍ന്നു. മൂത്ത സഹോദരി നാവികസേനയിലെ ഡോക്ടറായും ഇളയ സഹോദരി വ്യോമസേനയിലുമാണ് പ്രവര്‍ത്തിച്ചത്. 1992ല്‍ വനിതാ സ്‌പെഷ്യല്‍ എന്‍ട്രി സ്‌കീം വഴി സൈന്യം യുദ്ധേതര തസ്തികകളിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയതാണ് യാഷികയ്ക്ക് സൈനിക സേവനത്തിലേക്കുള്ള വാതില്‍ തുറന്നത്. സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് പാസായ യാഷിക 1994ല്‍ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ ചേര്‍ന്നു. 1995ല്‍ ഒരു സൈനികനെ തന്നെ യാഷിക വിവാഹം ചെയ്തു.
വിരമിക്കലിനുശേഷവും യാഷിക വിശ്രമജീവിതം തിരഞ്ഞെടുത്തില്ല. ഇസിഎച്ച്എസ് പോളിക്ലിനിക്കിന്റെ ഡയറക്ടര്‍, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള ആശ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ തുടങ്ങിയ വിവിധ പദവികള്‍ വഹിച്ചു. മോട്ടിവേഷണല്‍ സ്പീക്കര്‍ എന്ന നിലയിലും പ്രമുഖയാണ് യാഷിക.