CrimeNEWS

മലയാളി യുവതി ദുബായില്‍ കൊല്ലപ്പെട്ട സംഭവം; നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാമുകന്‍ പിടിയില്‍

ദുബായ്: വിതുര ബോണക്കാട് സ്വദേശിനി ദുബായില്‍ മരിച്ച സംഭവത്തില്‍ കാമുകന്‍ പിടിയില്‍. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് പ്രതി പിടിയിലായത്.

കരാമയില്‍ ഈ മാസം ആദ്യമായിരുന്നു സംഭവം. ജയകുമാറിന്റെയും ഗില്‍ഡയുടെയും മകളാണ് ആനിമോള്‍ ഗില്‍ഡ. സമൂഹമാദ്ധ്യമത്തിലൂടെയാണ് ആനിമോളും യുവാവും തമ്മില്‍ പ്രണയത്തിലായത്. ആനിമോളെ യുഎഇയിലേക്ക് എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കള്‍ പറയുന്നു.

Signature-ad

ഒന്നര വര്‍ഷം മുമ്പ് യുഎഇയില്‍ എത്തിയ ആനിമോള്‍ ക്രെഡിറ്റ് സെയില്‍സ് സ്ഥാപനത്തില്‍ ജോലിചെയ്ത് വരികയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാന്‍ പ്രതി അബുദാബിയില്‍ നിന്ന് ദുബായില്‍ എത്തിയിരുന്നു. പിന്നാലെയാണ് യുവതിയുടെ മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തിയത്. ഇവര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസവും തര്‍ക്കവും കൊലപാതകത്തിലേക്ക് നയിച്ചതാവാം എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ആനിമോളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നാണ് വിവരം. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ആനിമോളുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

 

Back to top button
error: