KeralaNEWS

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: സ്വര്‍ണത്തകിട് കണ്ടെത്തിയത് കുഴിച്ചിട്ട നിലയില്‍; ദുരൂഹത നീങ്ങുന്നില്ല

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ വാതിലില്‍ സ്വര്‍ണം പൂശാന്‍ പുറത്തെടുത്ത സ്വര്‍ണത്തില്‍ കാണാതായ 13 പവന്‍ (107 ഗ്രാം) തകിട് തിരികെ കിട്ടിയെങ്കിലും ദുരൂഹത നീങ്ങുന്നില്ല. മോഷണശ്രമമല്ലെന്നു ഡിസിപി പറഞ്ഞെങ്കിലും സ്വര്‍ണത്തകിട് മണ്ണില്‍ ഒരടിയോളം താഴ്ചയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതാണ് സംശയത്തിനു കാരണം. ക്ഷേത്ര ശ്രീകോവിലിന്റെ പ്രധാന വാതില്‍ സ്വര്‍ണം പൂശുന്ന പ്രവൃത്തികള്‍ ഏതാനും മാസങ്ങളായി തുടരുകയാണ്. ഇതിനായി സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം പുറത്തെടുക്കുകയും ഓരോ ദിവസത്തെയും പണികള്‍ കഴിഞ്ഞ ശേഷം തിരികെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്.

സുരക്ഷാ ചുമതലയുള്ള പൊലീസിന്റെയും ക്ഷേത്രത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലാണു സ്വര്‍ണം എടുക്കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് അവസാനമായി സ്വര്‍ണം പൂശല്‍ നടത്തിയത്. ഇതിനു ശേഷം തിരികെ വച്ച സ്വര്‍ണം വെള്ളി രാവിലെ പുറത്ത് എടുത്തപ്പോഴാണ് അളവില്‍ കുറവുള്ള വിവരം ശ്രദ്ധയില്‍പെട്ടത്. ശ്രീ കോവിലിനു മുന്നിലെ ഒറ്റക്കല്‍ മണ്ഡപത്തിലാണ് സ്വര്‍ണം പൂശല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ സ്ഥലത്ത് വെളിച്ചം കുറവായതിനാല്‍ തറയില്‍ വീണതാകാം എന്ന കണക്കുകൂട്ടലില്‍ ആയിരുന്നു ശനിയാഴ്ച പൊലീസ് തിരച്ചില്‍ നടത്തിയത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് അരിച്ചുപെറുക്കി പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Signature-ad

സംഭവം ചര്‍ച്ചയായതിനു പിന്നാലെ ഞായര്‍ വൈകിട്ട് സ്‌ട്രോങ് റൂമിന് സമീപത്തെ ഇടുങ്ങിയ ഭാഗത്ത് മണ്ണില്‍ ഒരടിയോളം താഴ്ചയില്‍ നഷ്ടപ്പെട്ട സ്വര്‍ണത്തകിട് കണ്ടെത്തുകയായിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കഴിഞ്ഞ ഒക്ടോബറില്‍ പുരാതന തളിപ്പാത്രം കാണാതായിരുന്നു. ഹരിയാന സ്വദേശിയായ ഭക്തന്‍ പൂജാ സാധനങ്ങള്‍ക്കൊപ്പം തളിപ്പാത്രം കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്.

Back to top button
error: