കോട്ടയത്തിനു പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന തൃക്കാക്കര നഗര സഭയിലും കോടികളുടെ വെട്ടിപ്പ്; വരുമാനമായി കിട്ടിയ 7.5 കോടി കാണാനില്ല; പണത്തിനുള്ള ചെക്ക് വാങ്ങി, ബാങ്കില്‍ കൊടുത്തില്ല; കോട്ടയത്ത് സമാന അഴിമതിയില്‍ നഷ്ടം 211 കോടി

കൊച്ചി: കോണ്‍ഗ്രസ് ഭരിക്കുന്ന കോട്ടയം നഗരസഭയില്‍ 211 കോടി കാണാനില്ലെന്ന സിഎജി കണ്ടെത്തലിനു പിന്നാലെ തൃക്കാക്കര നഗരസഭയിലെ 7.5 കോടി കണാനില്ലെന്നു റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വരുമാനത്തില്‍നിന്നു ലഭിക്കേണ്ട പണമാണു കണക്കിലില്ലാത്തത്. ഇത്രയും തുകയ്ക്കുള്ള ചെക്കുകള്‍ സ്വീകരിച്ചതിന് തെളിവ് ഉണ്ട്, പക്ഷേ തുക പണമായി അക്കൗണ്ടില്‍ കയറിയിട്ടില്ല. ഇതെങ്ങോട്ട് പോയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവുമില്ല. ജില്ലാ ഓഡിറ്റ് വകുപ്പിന്റെ 2023-2024-ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ക്രമക്കേട്.
നഗരസഭയിലേക്ക് ലഭിച്ച 361 ചെക്കുകളില്‍നിന്നുള്ള 7,50,62,050 രൂപ നഗരസഭാ ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നാണ് ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തല്‍. നികുതി, ഫീസ് തുടങ്ങി ചെക്കുകളില്‍ നിന്നുള്ള പണമാണിത്. എന്നാല്‍ ചെക്കുകളില്‍നിന്ന് പണം എങ്ങോട്ടുപോയി എന്നതിനെക്കുറിച്ച് നഗരസഭാ അധികൃതര്‍ ഗൗരവമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2023-24 സാമ്പത്തികവര്‍ഷം മാത്രം വരുമാനമായി ലഭിച്ച 137 ചെക്കുകള്‍ പണമായി അക്കൗണ്ടില്‍ എത്തിയിട്ടില്ല. വീടുകളുടെയും സ്ഥാപനങ്ങളുടെയും നികുതിത്തുകകള്‍ ചെക്കായി നഗരസഭ കൈപ്പറ്റിയിട്ടുണ്ട്. ഇതിന് രസീതും നല്‍കിയിട്ടുണ്ട്. ബാങ്കില്‍ 2021 മുതല്‍ കളക്ഷന് നല്‍കിയ കുറെ ചെക്കുകളും ഇതുവരെ പണമായി അക്കൗണ്ടില്‍ ക്രെഡിറ്റായിട്ടില്ലെന്നും ഓഡിറ്റില്‍ പറയുന്നു.
ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും വേണ്ടത്ര ജാഗ്രതയോടെ അന്വേഷണം നടത്താനും അധികൃതര്‍ തയ്യാറായിട്ടില്ലത്രെ. ഇതേ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ച പല സ്ഥാപനങ്ങളും ഇപ്പോഴും ലൈസന്‍സ് ഇല്ലാതെ നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്നു.
നഗരസഭയുടെ ഉടമസ്ഥതയില്‍ എത്ര കടമുറികള്‍ ഉണ്ടെന്നും വാടകയ്ക്ക് നല്‍കിയത് എത്ര കടമുറികളാണെന്നും ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. മാലിന്യനീക്കം സംബന്ധിച്ച് കൃത്യമായി ചെലവഴിച്ച തുക ഫയലില്‍ സൂക്ഷിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കോട്ടയം നഗരസഭ
കോട്ടയം നഗരസഭയില്‍ കാണാതായ പണത്തിന്റെ അളവ് ഇതിലും കൂടും. അക്കൗണ്ടില്‍ നിന്ന് 211 കോടി രൂപ കാണാനില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. വാടക ഇനത്തില്‍ ഉള്‍പ്പെടെ ലഭിച്ച ചെക്കുകള്‍ നഗരസഭയുടെ അക്കൗണ്ടില്‍ ചേര്‍ത്തിട്ടില്ലെന്ന് കണ്ടെത്തി. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. സംഭവത്തില്‍ എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ നടപടിക്ക് ശിപാര്‍ശ ചെയ്തു.
ഏഴു ബാങ്കുകളുടെ അക്കൗണ്ടുകളില്‍ ചെക്ക് വഴി നല്‍കേണ്ട തുകയിലാണ് ക്രമക്കേട്. 211 കോടി രൂപ ഇങ്ങനെ കാണില്ലെന്ന് 2023 – 24 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 198 കോടി . എസ്.ബിഐയിലെ അക്കൗണ്ടില്‍ 9.5 കോടി, സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 65 ലക്ഷം, എസ്ബിഐയിലെ മറ്റൊരു അക്കൗണ്ടില്‍ 64 ലക്ഷം തുടങ്ങി ചെക്കുകളും സമര്‍പ്പിക്കപ്പെട്ടിട്ടില്ല.
വിവിധ വാടക ഇനത്തില്‍ അടക്കം ലഭിച്ചിരുന്ന ചെക്കുകള്‍ കൃത്യമായി നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളില്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ വീഴ്ച പറ്റി. പെന്‍ഷന്‍ വിതരണ രജിസ്റ്റര്‍, പെന്‍ഷന്‍ വിതരണ വൗച്ചറുകള്‍ എന്നിവ സൂക്ഷിക്കുന്നില്ല. പേര്, അക്കൗണ്ട് നമ്പര്‍, ക്രെഡിറ്റ് ചെയ്യാനുള്ള തുക എന്നിവ എക്‌സല്‍ ഷീറ്റില്‍ തയ്യാറാക്കി ആകെ തുകയുടെ ചെക്ക് സഹിതം ബാങ്കിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇത് സൂപ്രണ്ട്, സെക്രട്ടറി എന്നിവര്‍ വിശദ പരിശോധന നടത്തിയല്ല അംഗീകരിക്കുന്നത്. മുന്‍ ക്ലാര്‍ക്കായിരുന്ന അഖില്‍ സി. വര്‍ഗീസ് ഇത് മുതലെടുത്താണ് തട്ടിപ്പ് നടത്തിയതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരസഭയുടെ തനതുവരുമാനത്തില്‍ മുഖ്യ ഇനമായ വസ്തുനികുതിയുടെ പിരിവ് കാര്യക്ഷമമല്ല. വസ്തുനികുതി കംപ്യൂട്ടര്‍വത്കരണത്തിനായി വിവിധ വര്‍ഷങ്ങളില്‍ തുക ചെലവഴിച്ചിട്ടുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല- റിപ്പോര്‍ട്ടില്‍ പറയുന്നു.