IndiaNEWS

കുവൈത്ത് രാജകുടുംബാംഗത്തിന് പത്മശ്രീ; ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹിന് പുരസ്‌കാരം സമ്മാനിച്ച് രാഷ്ട്രപതി

ന്യൂഡല്‍ഹി: യോഗ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് കുവൈത്ത് യോഗാ പരിശീലകയും രാജകുടുംബാംഗവുമായ ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹിന് ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇന്ത്യയിലെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ ലഭിച്ച ആദ്യത്തെ കുവൈത്ത് പൗരയാണ് ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹ്.

കുവൈത്തിലെ ആദ്യത്തെ ലൈസന്‍സുള്ള യോഗ സ്റ്റുഡിയോയായ ദാരാത്മയുടെ സ്ഥാപകയാണ് ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹ്. ‘ദാരാത്മ’ എന്ന പേര് അറബി പദമായ ‘ദാര്‍’ (വീട്) എന്നതിനെ സംസ്‌കൃത പദമായ ‘ആത്മ’ (ആത്മാവ്) യുമായി സംയോജിപ്പിക്കുന്നു. ഇത് ഇന്ത്യയുമായുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്നതാണ്.

Signature-ad

കുവൈത്തില്‍ യോഗ പഠിപ്പിക്കുന്നതിനുള്ള ലൈസന്‍സ് കരസ്ഥമാക്കിയതിന് പുറമേ കുവൈത്തില്‍ യോഗയെ ഔദ്യോഗികമായി അംഗീകരിപ്പിക്കുന്നതിലും ഇവര്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഇവരുടെ ശ്രമഫലമായാണ് കുവൈറ്റിലെ വാണിജ്യ വ്യവസായ മന്ത്രാലയം ഒരു യോഗ വിദ്യാഭ്യാസ ലൈസന്‍സ് ആരംഭിച്ചത്. ഇത് ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാണ്.

കല, സാമൂഹിക പ്രവര്‍ത്തനം, പൊതുകാര്യങ്ങള്‍, ശാസ്ത്രം, എഞ്ചിനീയറിങ്, വ്യാപാരം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവില്‍ സര്‍വീസ് തുടങ്ങിയ വിവിധ മേഖലകളിലെ അസാധാരണ സേവനത്തിന് അംഗീകാരമായി നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളില്‍ ഒന്നാണ് പത്മശ്രീ.

Back to top button
error: