‘ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ എന്നെ ഓടിച്ചു, അന്നിറങ്ങി; ചോക്ലേറ്റിന്റെ സെറ്റില്‍ ഞാന്‍ നേരിട്ടത്’

താരങ്ങള്‍ക്ക് വിവിഐപി പരിഗണന ലഭിക്കുന്ന സിനിമാ രംഗത്ത് പക്ഷെ ചെറിയ റോളുകള്‍ ചെയ്യുന്നവരുടെ അവസ്ഥ അതല്ല. വലിയ തോതില്‍ ഹൈറാര്‍ക്കി ഇന്നും നിലനില്‍ക്കുന്ന സിനിമാ മേഖലയില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ പലര്‍ക്കുമുണ്ടായിട്ടുമുണ്ട്. പിന്നീട് താരങ്ങളായി മാറിയവര്‍ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാറുമുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരിക്കുന്ന കാലത്ത് നനഞ്ഞ വസ്ത്രം മാറാന്‍ കാരവാനില്‍ കയറിയതിന് വഴക്ക് കേട്ട അനുഭവം നടി സുരഭി ലക്ഷ്മി അടുത്തിടെ പറയുകയുണ്ടായി.
ചോക്ലേറ്റ് എന്ന മലയാള സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണിപ്പോള്‍ നടന്‍ മനോജ് ഗിന്നസ്. മിമിക്രി വേദികളിലൂടെ ശ്രദ്ധ നേടിയ കലാകാരനാണ് മനോജ് ഗിന്നസ്. ചോക്ലേറ്റില്‍ ഒരു സീനില്‍ ചാക്യാര്‍ കൂത്തുകാരന്റെ വേഷത്തിലാണ് മനോജ് ഗിന്നസ് അഭിനയിച്ചത്. സെറ്റില്‍ വേദനിപ്പിച്ച അനുഭവമാണ് തനിക്കുണ്ടായതെന്ന് മനോജ് ഗിന്നസ് പറയുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

രാവിലെ 6.30-7 മണിയായപ്പോള്‍ ചാക്യാര്‍ കൂത്തിന്റെ മേക്കപ്പ് ഇട്ടു. ചാക്യാര്‍ കൂത്തിന് പിറകില്‍ കെട്ടുന്ന ഞൊറികളുള്ള കോസ്റ്റ്യൂമുണ്ട്. അത് കയറിട്ട് കെട്ടണം. കസേരയില്‍ ഇരിക്കാന്‍ പറ്റില്ല. സ്റ്റൂളില്‍ ഇരിക്കാന്‍ പറ്റും. രാവിലെ ആദ്യ ഷോട്ട് എന്റേതാണ് എടുക്കുന്നത്. ഓഡിറ്റോറിയം മൊത്തം നിറഞ്ഞു. രാജന്‍ പി ദേവ് സാറിന് എന്തോ തിരക്കുള്ളത് കാരണം ഈ സീന്‍ പിന്നെയാണ് എടുക്കുന്നത്. എനിക്കറിയില്ലായിരുന്നു. ലൊക്കേഷനില്‍നിന്ന് വണ്ടി പോയി. വൈകുന്നേരമേ ഷൂട്ടുള്ളൂ, മനോജ് ഇതൊക്കെ ഒന്ന് അഴിച്ച് വെക്കെന്ന് എന്നോട് ആരും പറയുന്നില്ല.
എനിക്കാണെങ്കില്‍ ഇരിക്കാനും പറ്റുന്നില്ല. ഞാനവിടെ നിന്നു. കയറിട്ട് കെട്ടി വെച്ചത് കാരണം ടോയ്‌ലറ്റില്‍ പോകാനും പറ്റുന്നില്ല. അങ്ങനെ നിന്ന് നിന്ന് 12 മണിയായി. രാവിലെ ഏഴ് മണിക്ക് നടന്നതാണെന്ന് ഓര്‍ക്കണം. ഭക്ഷണം കഴിക്കാറായി. ഞാന്‍ ഒരു പ്ലേറ്റ് എടുത്ത് ചെന്നപ്പോള്‍ ഭക്ഷണം തരുന്നയാള്‍ എന്നെ ഓടിച്ചു. അവിടെ പോയി കഴിക്കെടാ എന്ന് പറഞ്ഞു. അവിടെ കോളേജ് പിള്ളേര്‍ ഇടി കൂടുകയാണ്. നിന്റെ ഭക്ഷണം വേണ്ടെടാ എന്ന് പറഞ്ഞ് പ്ലേറ്റ് ഞാനിവിടെയിട്ടു. ഇത് പട്ടണം ഷാ എന്ന മേക്കപ്പ്മാന്‍ കണ്ടു. ഡോ അത് ആരാണെന്ന് അറിയുമോ, മേക്കപ്പ് ഇട്ടത് കൊണ്ടാണ് മനസിലാകാത്തതെന്ന് അദ്ദേഹം അയാളോട് പറഞ്ഞു. നിര്‍ബന്ധിച്ചെങ്കിലും പിന്നീട് ഞാന്‍ ഭക്ഷണം കഴിച്ചില്ല.
വീണ്ടും രണ്ട് മണിക്കൂര്‍ അവിടെ കാത്ത് നിന്നു. അവസാനം അഴിച്ച് വെച്ച് ഞാന്‍ പോയി. പിന്നീട് ഷൂട്ടിന് വിളിച്ചപ്പോള്‍ താന്‍ പോയില്ല. അവസാനം എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ താന്‍ പോയി അഭിനയിച്ചെന്നും മനോജ് ഗിന്നസ് വ്യക്തമാക്കി. മിമിക്രിയിലും സിനിമയിലും ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷെ അവരുടെ സിനിമയുടെ പൂജ പോലും എന്നോട് പറയില്ല. അത് മിമിക്രിക്കാരുടെ കുഴപ്പമാണ്.
മിമിക്രി ചെയ്യുന്ന കാലത്തെ ചെറിയ പിണക്കങ്ങള്‍ അവര്‍ സിനിമാ താരങ്ങളാകുമ്പോഴും ടെക്‌നീഷ്യന്‍മാരാകുമ്പോഴും വൈരാഗ്യം പോലെ നമ്മളോട് കാണിക്കും. മിണ്ടാന്‍ മടിയുള്ളവരും ചിരിക്കാന്‍ മടിയുള്ളവരുമുണ്ട്. ലൈഫ് മൊത്തം ഇനി സിനിമയാണെന്നാണ് അവര്‍ കരുതുന്നത്. അതൊന്നുമല്ലെന്ന് നമുക്കറിയാം. സിനിമയിലെത്തി പിന്നീട് തിരിച്ച് വന്നവരുമുണ്ടെന്നും മനോജ് ഗിന്നസ് പറയുന്നു.