CrimeNEWS

ഊണ് കഴിക്കുന്നതിനിടെ മുഖത്ത് മുളകുപൊടി വിതറി; കറിക്കത്തി കൊണ്ട് 10 തവണ കുത്തി, ആ രാക്ഷസനെ അവസാനിപ്പിച്ചെന്ന് വീഡിയോ കോള്‍!

ബംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ (68) ഭാര്യ പല്ലവി കൊലപ്പെടുത്തിയതിനു കാരണം വസ്തു തര്‍ക്കമെന്നു സൂചന. സഹോദരിക്ക് വസ്തു എഴുതിക്കൊടുത്ത നടപടിയെ എതിര്‍ത്ത പല്ലവി, മകന്‍ കാര്‍ത്തികേഷിന്റെ പേരില്‍ സ്ഥലം വാങ്ങിയതിനെയും ചോദ്യം ചെയ്തിരുന്നു. ഓംപ്രകാശിന്റെ മറ്റൊരു ബന്ധത്തെച്ചൊല്ലിയും വഴക്ക് പതിവായിരുന്നു. സഹോദരിക്ക് നല്‍കിയ ഭൂമി തന്റെ പേരിലാക്കാന്‍ പല്ലവി നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ ഉള്‍പ്പെടെ കുടുംബത്തിന് കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ട്. വസ്തു തര്‍ക്കത്തില്‍ ഓംപ്രകാശിനെതിരെ കേസ് എടുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് നേരത്തേ പല്ലവി പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തിയിട്ടുണ്ട്.

ഞായറാഴ്ച ഊണ് കഴിക്കുന്നതിനിടെ തര്‍ക്കമുണ്ടായപ്പോള്‍ മുഖത്ത് മുളകുപൊടി വിതറിയ ശേഷം കറിക്കത്തി കൊണ്ട് വയറ്റിലും കഴുത്തിലും പല്ലവി 10 തവണ കുത്തിയെന്ന് പൊലീസ് പറയുന്നു. സംഭവസമയത്ത് മകള്‍ കൃതി വീട്ടിലുണ്ടായിരുന്നെങ്കിലും അവരുടെ പങ്ക് വ്യക്തമല്ല. ‘ ആ രാക്ഷസനെ അവസാനിപ്പിച്ചു’എന്നു വെളിപ്പെടുത്തി കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് പല്ലവി വീഡിയോ കോള്‍ ചെയ്തതോടെയാണ് കൊലപാതകം പുറത്തുവന്നത്.

Signature-ad

പല്ലവി 12 വര്‍ഷമായി സ്‌കീസോഫ്രീനിയ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് മകന്‍ കാര്‍ത്തികേഷ് നല്‍കിയ പരാതിയിലുണ്ട്. ഭര്‍ത്താവ് തോക്കുമായി വന്നു തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള മകള്‍ കൃതിയും അമ്മയെ പിന്തുണച്ചു. ഇതോടെ, ഒരാഴ്ചയായി ഓംപ്രകാശ് സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. 18ന് മകളാണ് പിതാവിനെ നിര്‍ബന്ധിച്ച് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നാലുനില വീട്ടില്‍ മകനു മാത്രമാണ് ഒരു നില. സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഓംപ്രകാശിന്റെ മൃതദേഹം വില്‍സന്‍ ഗാര്‍ഡന്‍ ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്‌കരിച്ചു. കാര്‍ത്തികേഷ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. പൊലീസ് ഗണ്‍സല്യൂട്ടോടെ ആയിരുന്നു സംസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: