പ്രത്യേക കാറും ആയമാരും, ജയഭാരതിയും ഷീലയും തമ്മില്‍ മത്സരമായിരുന്നോ? അക്കാലത്ത് അങ്ങനെ…

മലയാള സിനിമാ ലോകത്തെ ഒരു കാലത്തെ താര റാണിമാരായിരുന്നു ഷീലയും ജയഭാരതിയും. ശ്രദ്ധേയമായ വേഷങ്ങള്‍ ഇരുവര്‍ക്കും തുടരെ ലഭിച്ചു. കരിയറില്‍ ജയഭാരതിയേക്കാള്‍ സീനിയറാണ് ഷീല. ഷീല താരമായി മാറിയ ശേഷമാണ് ജയഭാരതിയുടെ കടന്ന് വരവ്. ഷീല അഭിനയ രംഗത്ത് നിന്നും മാറിത്തുടങ്ങിയ കാലത്താണ് ജയഭാരതി തിളങ്ങിയത്. ഷീലയ്ക്കും ജയഭാരതിക്കും പുറമെ ശാരദയും അക്കാലത്തെ ജനപ്രിയ നടിയായിരുന്നു. ഷീല ഇന്നും ലൈം ലൈറ്റില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. എന്നാല്‍ ജയഭാരതിയെ ആരാധകര്‍ കാണാറേയില്ല. പൂര്‍ണമായും സ്വകാര്യ ജീവിതം നയിക്കാനാണ് ജയഭാരതി ഇന്ന് ആഗ്രഹിക്കുന്നത്.
പണ്ട് പരസ്പരം വലിയ സൗഹൃദം ഷീലയും ജയഭാരതിയും തമ്മിലില്ലായിരുന്നു. ഷീലയെയും ജയഭാരതിയെയും കുറിച്ച് നടി കുട്ട്യേടത്തി വിലാസിനി ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. പഴയ കാലത്ത് ഷീലയും ജയഭാരതിയും തമ്മില്‍ മത്സരമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി. മത്സരമുണ്ടായിരുന്നിരിക്കാം. അതേക്കുറിച്ച് അറിയില്ല. അവര്‍ക്ക് പ്രത്യേക കാറാണ്. പോകാനും വരാനും അവര്‍ മാത്രമേയുണ്ടാകൂ. പിന്നെ അവരുടെ ആയമാരും. അതേസമയം, ഷീല തന്നോട് അക്കാലത്ത് സംസാരിച്ചിട്ടുണ്ടെന്നും കുട്ട്യേടത്തി വിലാസിനി പറഞ്ഞു. ജയഭാരതിയാണിപ്പോള്‍ തീരെ പുറത്തേക്ക് വരാത്തത്. ഒരു പരിപാടിക്കും ജയഭാരതി വരുന്നില്ല. ഷീല പിന്നെയും വരുന്നുണ്ടെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
ഒരിക്കല്‍ ശാരദയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഷീല സംസാരിച്ചിട്ടുണ്ട്. ശാരദ മലയാളത്തിലേക്ക് വരുന്നതിന് മുമ്പ് തെലുങ്കില്‍ വലിയ കോമഡി നടിയായിരുന്നു. നമ്മുടെ കല്‍പ്പനയെ പോലെ. അവരുടെ ഭര്‍ത്താവ് ഛലം കോമഡി നടനായിരുന്നു. അന്ന് മുതല്‍ ഇന്ന് വരെയും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. എന്തെങ്കിലുമൊക്കെ എപ്പോഴും വിളിച്ച് സംസാരിക്കാറുണ്ടെന്നും ഷീല വ്യക്തമാക്കി. ജയഭാരതിയെ താന്‍ കാണാറേയില്ലെന്നും എവിടെയാണുള്ളതെന്ന് അറിയില്ലെന്നും ഷീല ഒരിക്കല്‍ പറയുകയുണ്ടായി.
അഭിനയ രംഗത്ത് നിന്നും അകന്ന ശേഷം നൃത്തത്തിലേക്ക് ജയഭാരതി ശ്രദ്ധ നല്‍കി. നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചു. പിന്നീട് ലൈം ലൈറ്റില്‍ നിന്നും പൂര്‍ണമായും മാറി നിന്നു. ശാരദ ഒരു ഘട്ടത്തില്‍ മലയാള സിനിമയില്‍ നിന്നും മാറി തെലുങ്ക് സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചിരുന്നു. വര്‍ഷങ്ങളോളം അഭിനയ രംഗത്ത് നിന്നും ഷീല മാറി നിന്നത് മകനെ വളര്‍ത്താന്‍ വേണ്ടിയാണ്. മകനൊപ്പമുള്ള സമയത്തിന് നടി പ്രാധാന്യം കൊടുത്തു. വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തിരിച്ചെത്തുന്നത്. തിരിച്ച് വരവില്‍ ചെയ്ത് അകലെ, മനസിനക്കരെ എന്നീ സിനിമകള്‍ ഏറെ ശ്രദ്ധ നേടി. പിന്നീടിങ്ങോട്ട് ഒരുപിടി സിനിമകളില്‍ ഷീല അഭിനയിച്ചു. പ്രാധാന്യമില്ലാത്ത അമ്മ വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് ഷീല പറയുന്നത്.
ചെെൈന്നയിലാണ് മകനും കുടുംബത്തിനുമൊപ്പം ഷീല കഴിയുന്നത്. ഇടയ്ക്ക് കേരളത്തില്‍ വരാറുണ്ട്. സിനിമാ രംഗത്തേക്ക് വന്ന കാലത്ത് കേരളത്തില്‍ നിന്നും ചെന്നൈയിലേക്ക് മാറിയ ഷീല പിന്നീട് തിരിച്ച് വന്നില്ല. അക്കാലത്ത് ചെന്നൈയിലായിരുന്നു മലയാള സിനിമകളുടെ ഷൂട്ട് നടന്നിരുന്നത്. ഷീലയുള്‍പ്പെടെ പഴയ കാലത്തെ ചില നടിമാരും ചെന്നൈയിലാണ് ഇപ്പോഴും താമസിക്കുന്നത്. നായകന്‍മാര്‍ അക്കാലത്ത് കേരളത്തിലേക്ക് വന്നിരുന്നെങ്കിലും നടിമാരുടെ ജീവിതം ചെന്നൈയില്‍ തന്നെയായിരുന്നെന്നാണ് ഒരിക്കല്‍ ഷീല പറഞ്ഞത്. അഭിനയ രംഗത്ത് ഷീലയും ജയഭാരതിയും ശാരദയും വീണ്ടും സജീവമാകണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.






