
ആലപ്പുഴ: വിഷുക്കണിയുടെ മറവില്‍ എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തില്‍നിന്ന് അപഹരിച്ചത് 20 പവനോളം തിരുവാഭരണങ്ങള്‍. വിഷുദിനത്തിലാണ് സംഭവം. വിശേഷ ദിവസങ്ങളില്‍ ചാര്‍ത്തുന്ന 10 പവന്റെ മാല, മൂന്നര പവന്‍ വരുന്ന കിരീടം, രണ്ട് നെക്ലേസുകള്‍ എന്നിവയാണ് കാണാതായത്. ദേവസ്വം സെക്രട്ടറി ടി.ആര്‍. മോഹനകൃഷ്ണന്റെ പരാതിയില്‍ അരൂര്‍ പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മൂന്നുമാസമായി ക്ഷേത്രത്തില്‍ സഹ പൂജാരിയായി ജോലിനോക്കി വന്നിരുന്ന കൊല്ലം ഈസ്റ്റ് കല്ലട രാം നിവാസില്‍ രാമചന്ദ്രന്‍ പോറ്റി (40) യെ സംഭവത്തെ തുടര്‍ന്ന് കാണാതായിട്ടുണ്ട്.
2024 ഡിസംബര്‍ അവസാനമാണ് നിലവിലെ മേല്‍ശാന്തി കൊല്ലം സ്വദേശി ശങ്കരനാരായണ റാവു ചുമതലയേറ്റത്. മൂന്നുമാസം മുന്‍പ് രാമചന്ദ്രന്‍ പോറ്റിയെ സഹായിയായി എത്തിച്ചു. സ്വകാര്യ ആവശ്യം പറഞ്ഞ് ഏപ്രില്‍ ഒന്നുമുതല്‍ പത്തുവരെ മേല്‍ശാന്തിയായ ശങ്കരനാരായാണ റാവു ലീവെടുത്തു. അതിനുശേഷവും ഇദ്ദേഹം ചുമതല ഏല്‍ക്കാത്തതിനാല്‍ വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മേല്‍ശാന്തി ലീവില്‍ പോയ സമയം രാമചന്ദ്രന്‍ പോറ്റിയാണ് പൂജയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.

വിഷുദിനത്തില്‍ പുലര്‍ച്ചെ നാലിന് കണിദര്‍ശനത്തിനായി നട തുറക്കണം. പുലര്‍ച്ചെ ഒന്നോടെ അലങ്കാരം ആരംഭിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ. അതിനാല്‍ ഞായറാഴ്ച രാത്രിതന്നെ ആഭരണങ്ങള്‍ പൂജാരിയായ രാമചന്ദ്രന്‍ പോറ്റിക്ക് കൈമാറി. ഉച്ചപ്പൂജയ്ക്കുശേഷം ആഭരണങ്ങള്‍ കൈമാറണമെന്ന് പറഞ്ഞുവെങ്കിലും അതുണ്ടായില്ല. പിന്നീട് വൈകീട്ട് മറ്റൊരു പൂജാരി ശ്രീലാലാണ് രാമചന്ദ്രന്‍ പോറ്റിയുടെ അഭാവത്തില്‍ നട തുറന്നത്. പിന്നീടാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത് അറിയുന്നത്. രാത്രി എട്ടോടെയാണ് ക്ഷേത്രം ഭാരവാഹികള്‍ അരൂര്‍ പോലീസില്‍ പരാതി നല്‍കുന്നത്. നിലവില്‍ രാമചന്ദ്രന്‍ പോറ്റിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചൊവ്വാഴ്ച മേല്‍ശാന്തി ശങ്കരനാരായണ റാവുവിനെ വിളിച്ചുവരുത്തി അരൂര്‍ പോലീസ് ചോദ്യം ചെയ്തു.
ശ്രീനാരായണപുരം ക്ഷേത്രത്തില്‍ ബാക്കിയുണ്ടായിരുന്ന സ്വര്‍ണമാല മുക്കുപണ്ടമെന്ന് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത മൂന്നര പവനോളം തൂക്കം വരുന്ന മാല പരിശോധിച്ചപ്പോഴാണ് ഇത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ഇതൊഴികെ മറ്റാഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.