
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തിയുള്ള ദിവ്യ എസ്. അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരണവുമായി മുന്‍ എംഎല്‍എയും ഭര്‍ത്താവുമായ കെ.എസ്. ശബരീനാഥന്‍. സമൂഹമാധ്യമങ്ങളില്‍ ദിവ്യയ്ക്കും ശബരിക്കുമെതിരെ സൈബര്‍ ആക്രമണം നടക്കുന്നതിനിടെയാണു വിശദീകരണം.
”സര്‍ക്കാരിനുവേണ്ടി രാപകല്‍ അധ്വാനം ചെയ്യുന്ന വ്യക്തിയാണ് ദിവ്യ. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശ്യപരമെങ്കിലും അതിലൊരു വീഴ്ചയുണ്ട്. മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഒപ്പം നില്‍ക്കണം എന്നുള്ളത് ഉദ്യോഗസ്ഥ ധര്‍മമാണ്. അതിന്റെ ഭാഗമായി പോസിറ്റീവ് വാക്കുകള്‍ പറയുന്നതില്‍ തെറ്റില്ല. സര്‍ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ, രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാല്‍ത്തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്നു സര്‍ക്കാര്‍ തലത്തില്‍നിന്നു രാഷ്ട്രീയതലത്തിലേക്കു മാറി. അതുകൊണ്ടാണ് ഈ വിവാദം പൊട്ടിവീണത്.

എന്റെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വിശിഷ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു ധാരാളം നിയമപരമായ സംരക്ഷണങ്ങളുണ്ട്. അതിനോടൊപ്പം ചില ചട്ടക്കൂടുകളുമുണ്ട്. ഈ ചട്ടക്കൂടുകള്‍ നിര്‍മിച്ചിരിക്കുന്നത് എക്‌സിക്യൂട്ടീവിന്റെ സുഗമമായ പ്രവര്‍ത്തനത്തിനാണ്. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നു.
സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്നവര്‍ ആകുമ്പോള്‍ ജനങ്ങള്‍ നമ്മളെ സൂക്ഷ്മമായി വീക്ഷിക്കും എന്നുള്ളത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഈ പോസ്റ്റ് വിവാദമായത്. മറ്റൊരു ഉദ്യോഗസ്ഥയായിരുന്നെങ്കില്‍ ഒരുപക്ഷേ, ആരും മൈന്‍ഡ് ചെയ്യില്ലായിരുന്നു. ഈ വിഷയം മാത്രമല്ല, നാളെ എന്നെക്കുറിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ രാഷ്ട്രീയമായി വിമര്‍ശിച്ചുകൊണ്ടോ പുകഴ്ത്തിയോ എഴുതുന്നതും ശരിയല്ലെന്നാണ് എന്റെ അഭിപ്രായം” – ശബരീനാഥന്‍ പറഞ്ഞു.