
കളങ്കാവല്‍; കൗതുകം ഉണര്‍ത്തുന്ന ടൈറ്റില്‍. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ എന്ന ചിത്രത്തില്‍ 21 നായികമാര്‍ കൂടിയുണ്ട്. രജിഷ വിജയന്‍, ഗായത്രി അരുണ്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് നായികമാര്‍. ആദ്യമായാണ് മമ്മൂട്ടി ചിത്രത്തില്‍ 21 നായികമാര്‍. മമ്മൂട്ടി ചിത്രത്തില്‍ രജീഷ വിജയന്‍ എത്തുന്നത് ആദ്യമാണ്. എന്നാല്‍ ‘വണ്‍’ സിനിമയില്‍ മമ്മൂട്ടിയോടൊപ്പം ഗായത്രി അരുണ്‍ അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ വ്യത്യസ്ത ഭാവം കാണുമെന്ന് ഉറപ്പ് നല്‍കുന്ന ഫസ്റ്റ് ലുക്ക്പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ കളങ്കാവലിനെ ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍. സിനിമയില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലും വിനായകന്‍ നായകനും എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയരുകയും ചെയ്തു. മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്നു വിനായകന്‍, മമ്മൂട്ടി എന്ന പോസ്റ്റര്‍ പുറത്തിറങ്ങുകയും ചെയ്തതോടെ ആവേശം ഇരട്ടിച്ചു.മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പ്രകടനത്തിനായി കാത്തിരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്.മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘കളങ്കാവല്‍’. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ് ‘ സിനിമയുടെ എഴുത്തുകാരനാണ് ജിതിന്‍ കെ. ജോസ്.ജിഷ്ണു ശ്രീകുമാര്‍, ജിതിന്‍ കെ. ജോസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കളങ്കാവല്‍ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.

അതേസമയം, മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആണ് മമ്മൂട്ടിയുടെ പുതിയ സിനിമ എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ഉടന്‍ ജോയിന്‍ ചെയ്യും. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങി നീണ്ട താരനിരയുണ്ട്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് ഒരുങ്ങുന്നത്. അടുത്ത മാസം ചിത്രീകരണം പൂര്‍ത്തിയാകും.
അമല്‍ നീരദ്, നിതീഷ് സഹദേവ് എന്നീ സംവിധായകരുടെ ചിത്രങ്ങള്‍ മമ്മൂട്ടിയെ കാത്തിരിക്കുന്നുണ്ട്. അമല്‍ നീരദ് ചിത്രം ബിലാല്‍ ആയിരിക്കുമെന്നാണ് വാര്‍ത്തകള്‍. ഫാലിമിക്കുശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. നടന്‍ അനുരാജ് ഒ.ബിയും നിതീഷ് സഹദേവും ചേര്‍ന്നണ് രചന.