
ജയ്പുര്‍: മദ്യപാനത്തിനിടെ പണത്തിന്റെ പേരിലുണ്ടായ വാക്ക് തര്‍ക്കത്തില്‍ പിതാവിനെ കൊലപ്പെടുത്തി മകന്‍. രാജസ്ഥാനിലെ ജുന്‍ജുനുവിലെ ഒരു മദ്യക്കടയ്ക്ക് മുന്നിലായിരുന്നു സംഭവം. മദ്യപാനത്തിന് ശേഷം പണം കൊടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കിഷന്‍ എന്ന പത്തൊമ്പതുകാരനാണ് പിതാവ് ജഗദീഷ് സോണിയെ കൊലപ്പെടുത്തിയത്. ഇരുവരും മദ്യപിച്ചതിന് ശേഷം ബില്ല് വന്നപ്പോള്‍ പണം കൊടുക്കാന്‍ പിതാവ് വിസമ്മതിച്ചു. ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. അവിടെനിന്ന് ഇറങ്ങിയ ശേഷം വിജനമായ പ്രദേശത്ത് എത്തിയപ്പോള്‍ വീണ്ടും വഴക്കിട്ടു. തുടര്‍ന്ന് കിഷന്‍ പിതാവിന്റെ കല്ലുകൊണ്ട് തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ജഗദീഷ് മരിച്ചു. പിതാവിന്റെ മൃതദേഹം ഇയാള്‍ വാഹനത്തില്‍ വീട്ടിലെത്തിച്ചു.

പിതാവ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടുവെന്നായിരുന്നു കിഷന്‍ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍, ഇയാളുടെ സഹോദരന്‍ ദീപക് അത് വിശ്വസിച്ചില്ല. കിഷന്‍ പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടത്തികൊണ്ടിരിക്കുമ്പോള്‍ ദീപക് പോലീസിനെ വിളിച്ചു വരുത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് കിഷന്‍ കുറ്റം സമ്മതിച്ചത്.