CrimeNEWS

കോവിഡ് ബാധിച്ച ദളിത് യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടില്‍ നൗഫലിനാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 1,08,000 രൂപ പിഴയും അടയ്ക്കണം. നൗഫല്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ബലാത്സംഗം , തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. നാലര വര്‍ഷമായി വിചാരണത്തടവിലുള്ള ഇയാള്‍ മുന്‍പും വധശ്രമക്കേസില്‍ പ്രതിയാണ്.

2020 സെപ്റ്റംബര്‍ 5ന് അര്‍ധരാത്രിയിലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം. അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് പന്തളത്തെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെ ആറന്മുളയില്‍ വച്ചാണ് യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചത്. കോവിഡ് പോസിറ്റീവായ മറ്റൊരു സ്ത്രീയും ആംബുലന്‍സിലുണ്ടായിരുന്നു.

Signature-ad

പന്തളത്ത് പെണ്‍കുട്ടിയെ ഇറക്കിയശേഷം ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വിടാനായിരുന്നു നിര്‍ദേശം. എന്നാല്‍, നൗഫല്‍ ആദ്യം കോഴഞ്ചേരിയില്‍ സ്ത്രീയെ ഇറക്കി. തുടര്‍ന്ന് ആറന്മുള നാല്‍ക്കാലിക്കല്‍ പാലത്തിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് ആംബുലന്‍സ് എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പന്തളത്തെ കോവിഡ് സെന്ററില്‍ ഇറക്കിയശേഷം ഇയാള്‍ കടന്നു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ടി.ഹരികൃഷ്ണന്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: