
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് കെ.എം. എബ്രഹാം.
കെ.എം. എബ്രഹാം 2015-ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ആയിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വാദം പൂര്‍ത്തിയാക്കിയത്.

കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിര്‍ദേശം ഹൈക്കോടതി നല്‍കിയത്. സംസ്ഥാന വിജിലന്‍സ് കെ.എം. എബ്രഹാമിനെതിരായ പരാതി നേരത്തെ അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018-ലാണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് കെ. ബാബു അടങ്ങുന്ന സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ശമ്പളത്തെക്കാള്‍ കൂടുതല്‍ തുക എല്ലാ മാസവും ലോണ്‍ അടയ്ക്കുന്നത് എങ്ങനെയെന്ന് കെ.എം. എബ്രഹാം മറുപടി പറയണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കൂടാതെ ഒട്ടനവധി സ്ഥലങ്ങളില്‍ കോടികള്‍ വിലവരുന്ന വസ്തുവകകള്‍ കെ.എം. എബ്രഹാംവാങ്ങിക്കൂട്ടിയെന്നും ആരോപണം ഉണ്ടായിരുന്നു.