പൂരം വെടിക്കെട്ട് പ്രതിസന്ധി; ദേവസ്വം ഭാരവാഹികളെ പിയൂഷ് ഗോയലിനു മുന്നില്‍ എത്തിക്കുമെന്നു വാഗ്ദാനം നല്‍കി സുരേഷ് ഗോപി മുങ്ങി; ഒരാഴ്ച കഴിഞ്ഞിട്ടും വിവരമില്ല; കോടതിയില്‍ പോകേണ്ടി വരുമെന്ന് ദേവസ്വങ്ങള്‍

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളെ ഡല്‍ഹിക്കു കൊണ്ടുപോകുമെന്ന് കേന്ദ്രസഹമന്ത്രിയും തൃശൂര്‍ എംപിയുമായി സുരേഷ്‌ഗോപി പറഞ്ഞ ഉറപ്പ് നടപ്പായില്ല. ഇക്കഴിഞ്ഞ നാലിനാണ് സുരേഷ്‌ഗോപി താന്‍ ദേവസ്വം ഭാരവാഹികളായ രാജേഷിനേയും ഗിരിഷിനേയും കൊണ്ട് വീണ്ടും ഡല്‍ഹിക്ക് പോകുമെന്നും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പൂരം വെടിക്കെട്ട് പ്രതിസന്ധി തീര്‍ത്ത് പൂരം ഭംഗിയാക്കുമെന്നും മാധ്യമങ്ങളോടു പറഞ്ഞത്.
എന്നാല്‍ ഈ ഉറപ്പു പറഞ്ഞ് ഒരാഴ്ചയാകുമ്പോഴും ഇതു സംബന്ധിച്ച് യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.
ജില്ല ഭരണകൂടം അഡ്വക്കറ്റ് ജനറലുമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അതിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അതിനു ശേഷമായിരിക്കും കോടതിയെ സമീപിക്കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു.

വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന മാഗസിനും വെടിക്കെട്ട് നടത്തുന്ന ഫയര്‍ലൈനും തമ്മില്‍ 200 മീറ്റര്‍ അകലം വേണമെന്ന കേന്ദ്ര എക്‌സ്‌പ്ലോസീവ്‌സ് വകുപ്പിന്റെ പുതിയ നിയമഭേദഗതിയാണ് പൂരം വെടിക്കെട്ടിന് പ്രതിസന്ധിയായിരിക്കുന്നത്. ഈ നിയമത്തില്‍ ഭേദഗതിയോ ഇളവോ കിട്ടാനാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കാണാന്‍ ദേവസ്വം ഭാരവാഹികളെ ഡല്‍ഹിക്ക് കൊണ്ടുപോകുമെന്ന് സുരേഷ്‌ഗോപി പറഞ്ഞിരുന്നത്.