
പാലക്കാട്: ഒടുവില്‍, ആ തൊണ്ടിമുതല്‍ കിട്ടി. കള്ളന്‍ വയറൊഴിഞ്ഞു. മൂന്ന് രാവും പകലും കാവലിരുന്ന പോലീസിനും വിഴുങ്ങിയ സ്വര്‍ണമാല പുറത്തെത്തിക്കാന്‍ മൂക്കുമുട്ടെ തിന്നുമടുത്ത മോഷ്ടാവിനും ആശ്വാസം.
ഞായറാഴ്ച രാത്രി മേലാര്‍കോട് വേലയ്ക്കിടെ മൂന്നു വയസ്സുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയ മധുര സ്വദേശി മുത്തപ്പന്റെ (34) വയറ്റില്‍നിന്ന് ബുധനാഴ്ച വൈകീട്ടാണ് മാല പുറത്തെത്തിയത്. ജില്ലാശുപത്രിയില്‍ പോലീസ് കാവലില്‍ റിമാന്‍ഡിലായിരുന്നു ഇയാള്‍.

മാല നഷ്ടപ്പെട്ട കുട്ടിയുടെ അച്ഛന്‍ ചിറ്റൂര്‍ പട്ടഞ്ചേരി വിനോദ് ആലത്തൂര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ മാല തിരിച്ചറിഞ്ഞു. പോലീസ് പ്രതിയെ തൊണ്ടിമുതലുമായി ആലത്തൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. നേരത്തേ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തിരുന്നതിനാല്‍ ആലത്തൂര്‍ സബ്ജയിലിലേക്ക് മാറ്റി.
ഉത്സവത്തിനിടെ പേരക്കുട്ടിയുടെ മാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയതിന് മുത്തശ്ശിയാണ് സാക്ഷി. പോലീസ് ആശുപത്രിയിലെത്തിച്ച് എക്‌സ്റേ പരിശോധന നടത്തി മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിക്കുകയും നിശ്ചിത ഇടവേളകളില്‍ എക്‌സ്റേയെടുത്ത് മാലയുടെ സ്ഥാനമാറ്റം ഉറപ്പാക്കുകയും ചെയ്തുകൊണ്ടിരുന്നു.