CrimeNEWS

സുകാന്ത് വേറെ സ്ത്രീകളെയും ചൂഷണം ചെയ്തു; പറ്റിച്ചുണ്ടാക്കിയ പണം ഉപയോഗിച്ചത് അടിച്ചുപൊളിക്കാന്‍; ഐബിക്ക് തീരാക്കളങ്കമായി എടപ്പാളുകാരന്റെ ലീലാവിലാസങ്ങള്‍; ഇന്റലിജന്‍സുകാരനെ കണ്ടെത്താന്‍ കഴിയാത വലഞ്ഞ് പോലീസും

തിരുവനന്തപുരം: ഐ.ബി ഉദ്യോഗസ്ഥയെ ആത്മഹത്യയിലേക്കു തള്ളിവിട്ട കേസില്‍ പ്രതിയായ സഹപ്രവര്‍ത്തകന്‍ സുകാന്ത് വേറെ സ്ത്രീകളെയും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന് കണ്ടെത്തിയിട്ടും ഐബി നടപടി എടുക്കാത്തത് വിവാദത്തില്‍. സുകാന്തിന്റെ അക്കൗണ്ട് പരിശോധിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. പ്രതി സുകാന്തിന്റെ അനവധി ബന്ധങ്ങളില്‍ ഒന്നു മാത്രമായിരുന്നു
ആത്മഹത്യചെയ്ത യുവതി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ പ്രതി രാജ്യം വിട്ട് പോയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സുകാന്തിന്റെ അമ്മയുടെ ബന്ധുക്കളെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. നോര്‍ത്ത് ഈസ്റ്റിലെ യുവതിയേയും തിരുവനന്തപുരത്തുകാരിയേയും ചൂഷണം ചെയ്തുവെന്നാണ് വ്യക്തമായിട്ടുള്ളത്. യുവതികളെ വലയിലാക്കി പണം തട്ടുന്നത് ഇയാളുടെ പതിവ് രീതിയാണ്. ആഡംബര ജീവിതമായിരുന്നു സുകാന്തിന്റേത്.

വിവാദം കനത്തതോടെ സുകാന്ത് സുരേഷിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി ഉടന്‍ എന്ന് ഐബിയും പറയുന്നു. പ്രാഥമികമായി സുകാന്തിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യും. വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും ഐ ബി തീരുമാനമായിട്ടുണ്ട്. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വരുന്ന 15ന് വിധി പറയും. യുവ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ തിരുവനന്തപുരത്തെ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസ് മേധാവി അരവിന്ദ് മേനോന്‍ ആണ് അന്വേഷണം നടത്തുന്നത്. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഐബി ജോയിന്റ് ഡയറക്ടര്‍ക്ക് ഉടന്‍ കൈമാറും. പിന്നാലെ സുകാന്ത് സുരേഷിനെതിരെ അച്ചടക്ക നടപടി എടുക്കും. സുകാന്തിനെതിരെ നിരവധി തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Signature-ad

പേട്ടയിലെ ആത്മഹത്യയില്‍ മകളെ സാമ്പത്തികമായി സുകാന്ത് കബളിപ്പിച്ചിരുന്നതായി പിതാവ് ആരോപിച്ചിരുന്നു. ഇതേകുറിച്ചുള്ള അന്വേഷണത്തിലാണ് നിരവധി സ്ത്രീകള്‍ സുകാന്തിന്റെ വലയിലുണ്ടെന്ന് കണ്ടെത്തിയത്.ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത ടാബിലും മൊബൈലിലും നിന്ന് ചൂഷണത്തിന് ഇരയായ സ്ത്രീകളുടെ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ത്രീകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ഇരുവരുടെയും സഹപ്രവര്‍ത്തകരായ ഐ.ബി ഉദ്യോഗസ്ഥരില്‍ നിന്നുള്ള മൊഴിയെടുക്കലും പുരോഗമിക്കുകയാണ്. മരണ സമയത്ത് യുവതി സുകാന്തുമായാണ് ഫോണില്‍ സംസാരിച്ചതെന്ന് പൊലീസ് ഉറപ്പിച്ചു.

ഇതിന് ഒരാഴ്ച മുമ്പ് താന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് യുവതിയുടെ അമ്മയ്ക്ക് സുകാന്ത് വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. ഇതേചൊല്ലിയുള്ള തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. പരിശിലന സമയത്തും തുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ച ശേഷം കൊച്ചിയിലും സുകാന്തും യുവതിയും ഒരുമിച്ച് താമസിച്ചിരുന്നു. ഗര്‍ഭച്ഛിദ്രത്തിന് യുവതിയോടൊപ്പം ആശുപത്രിയിലെത്തിയ സ്ത്രീക്ക് സുകാന്തുമായി ബന്ധമില്ലെന്നാണ് കണ്ടെത്തല്‍. ഈ യുവതിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ആശുപത്രിയില്‍ നല്‍കിയ വിവാഹ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചത് സുകാന്താണെന്നും തെളിഞ്ഞിട്ടുണ്ട്.

സുകാന്ത് ജോലി ചെയ്തിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചുമതലയുള്ള കൃഷ്ണരാജ് ഐപിഎസും ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സുകാന്തിനെ സസ്പെന്‍ഡ് ചെയ്യാനാണ് സാധ്യത. സമഗ്ര അന്വേഷണത്തിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കും. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ബ്യൂറോയുടെ ഡല്‍ഹി ആസ്ഥാനത്തേക്ക് കൈമാറും. അതിന് ശേഷം സുകാന്തിനെതിരായ നടപടി സംബന്ധിച്ച ഉത്തരവ് ജോയിന്റ് ഡയറക്ടര്‍ പുറത്തിറക്കും. പോലീസിന് പുറമെ ഐബിയും സുകാന്തിന്റെ താമസ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ആത്മഹത്യ ചെയ്ത യുവ ഉദ്യോഗസ്ഥയുടെയും, സുകാന്തിന്റെയും സഹപ്രവര്‍ത്തകരില്‍ നിന്ന് ഐ ബി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ഒളിവില്‍ കഴിയുന്ന സുകാന്തിനു വേണ്ടി ഐ ബിയും അന്വേഷണം തുടരുകയാണ്. 24 കാരിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സുകാന്ത് സുരേഷ് ഐബിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കി എന്ന വിലയിരുത്തലിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. മലപ്പുറം എടപ്പാള്‍ സ്വദേശിയായ സുകാന്ത് കൊച്ചിയിലെ ഐബി ഉദ്യോഗസ്ഥനാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: