
കോട്ടയം: സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. 50 ദിവസത്തിലേറെയായി ജയിലില്‍ കിടക്കുന്ന വിദ്യാര്‍ഥികളുടെ പ്രായമടക്കം പരിഗണിച്ച് ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി.രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ വീട്ടില്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ സി.റിജില്‍ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി.വിവേക് (21) എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

പ്രതികള്‍ക്കെതിരെ ഭാരത നിയമ സംഹിതയിലെ 118ാം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ നവംബര്‍ 4 മുതലായിരുന്നു കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ ക്രൂര റാഗിങ്ങിനു ഇരയായത്. സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യപിക്കാന്‍ പണം നല്‍കാത്തവരെ റാഗ് ചെയ്യുകയായിരുന്നു.
ജൂനിയര്‍ വിദ്യാര്‍ഥികളെ നഗ്‌നരാക്കിയശേഷം സ്വകാര്യ ഭാഗങ്ങളില്‍ ജിമ്മില്‍ ഉപയോഗിക്കുന്ന ഡമ്പല്‍ തൂക്കുക, മുഖത്തും തലയിലും ക്രീം തേയ്ക്കുക, കോംപസ്, ബ്ലേഡ്, കത്തി എന്നിവ ഉപയോഗിച്ച് ശരീരത്തില്‍ മുറിവ് ഉണ്ടാക്കുക, മുറിവില്‍ ലോഷന്‍ തേക്കുക, സംഘം ചേര്‍ന്ന് മര്‍ദിക്കുക തുടങ്ങിയ ക്രൂരതകളാണ് സീനിയേഴ്‌സ് നടത്തിയത്. കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി.എസ്.ശ്രീജിത്തും സംഘവുമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കോളജിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ച സംഭവിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.