
മലപ്പുറം: പൊന്നാനിയില്‍ വീട് ജപ്തി ചെയ്തതില്‍ മനംനൊന്ത് വയോധിക മരിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന മാമിയാണ് (85) ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പാലപെട്ടി എസ്ബിഐ ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാമിയുടെ മകന്‍ അലിമോന്‍ വീട് ഈട് വച്ച് 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതില്‍ തിരിച്ചടവൊന്നും ഇല്ലാതെ വന്നതോടെയാണ് ജപ്തി നടന്നത്. അലിമോനെ കാണാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞെന്നും മാമി ഇതിന്റെ വിഷമത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
വയോധികയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഗുരുതര ആരോപണങ്ങളാണ് ബാങ്കിനെതിരെ ഇന്നയിക്കുന്നത്. ‘ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മാമിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. വയോധികയെ ചികിത്സിക്കുന്ന ഡോക്ടര്‍ വരെ ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നു. 15 ദിവസത്തെ സാവകാശം ചോദിച്ചിട്ടും അവര്‍ ജപ്തി ചെയ്യുകയായിരുന്നു. ഇതോടെയാണ് മാമിയെ ബന്ധു വീട്ടിലേക്ക് മാറ്റിയത്’- കുടുംബം പ്രതികരിച്ചു.
