
കോട്ടയം: ഭാര്യയുടെ കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പലയിടത്തായി തള്ളിയ കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. കോട്ടയം പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷ് ഫീലിപ്പോസിനെ (34) കൊലപ്പെടുത്തിയെന്നാണ് കേസ്.
2017 ഓഗസ്റ്റ് 23-നായിരുന്നു സംഭവം. തലയില്ലാതെ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷത്തിലാണ് കൊല്ലപ്പെട്ടയാളെയും പ്രതിയെയും കണ്ടെത്തിയത്. കൊല്ലപ്പെട്ട സന്തോഷിന്റെ സുഹൃത്തായ കോട്ടയം മുട്ടമ്പലം വെട്ടിമറ്റം എ.ആര്‍. വിനോദ്കുമാര്‍ (കമ്മല്‍ വിനോദ്-46), ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തു.

പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദം ഇങ്ങനെ-അച്ഛനെ കൊന്ന കേസില്‍ വിനോദ്കുമാര്‍ ജയിലില്‍ ചെല്ലുമ്പോള്‍ സന്തോഷും അവിടെ ഉണ്ടായിരുന്നു. പുറത്തിറങ്ങിയ സന്തോഷിനോട് തന്റെ ഭാര്യ കുഞ്ഞുമോളെ നോക്കണമെന്ന് വിനോദ് പറഞ്ഞിരുന്നു. തുടര്‍ന്ന് കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി. പുറത്തിറങ്ങിയ വിനോദ്, വിവരമറിഞ്ഞ് സന്തോഷിനെ കൊല്ലാന്‍ തീരുമാനിച്ചു.
ഇതിനായി നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും, ഭാര്യയും കേസിലെ പ്രതിയുമായ കുഞ്ഞുമോളെക്കൊണ്ട്, ഭര്‍ത്താവില്ലെന്നും രാത്രിവരണമെന്നും പറഞ്ഞ് സന്തോഷിനെ മീനടത്തെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി. രാത്രിയെത്തിയ സന്തോഷ് സിറ്റൗട്ടിലെ കസേരയില്‍ സംസാരിച്ചിരിക്കുന്നതിനിടെ പിന്നിലൂടെയെത്തിയ പ്രതി വിനോദ് ഇരുമ്പുവടിക്ക് തലയ്ക്കടിച്ചുവീഴ്ത്തി കൊല്ലുകയായിരുന്നു. ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.