CrimeNEWS

മലപ്പുറത്തെ അസ്മയുടെ മരണത്തില്‍ സംശയം; പെരുമ്പാവൂരില്‍ സംസ്‌കാരം രഹസ്യമായി നടത്താനുള്ള ഭര്‍ത്താവിന്റെ നീക്കം തടഞ്ഞു

എറണാകുളം: മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്നു മരിച്ച യുവതിയുടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചു രഹസ്യമായി സംസ്‌കരിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. മൃതദേഹം പൊലീസ് ഏറ്റെടുത്തു താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കളമശേരി മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം പെരുമ്പാവൂരില്‍ കബറടക്കും.

പെരുമ്പാവൂര്‍ അറയ്ക്കപ്പടി പ്ലാവിന്‍ ചുവട് കൊപ്രമ്പില്‍ കുടുംബാംഗവും മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മന്‍സിലില്‍ സിറാജുദീന്റെ ഭാര്യയുമായ അസ്മ (35) ആണ് മരിച്ചത്. പ്രസവാനന്തരം പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും ആശുപത്രിയില്‍ എത്തിക്കുകയോ നവജാത ശിശുവിനെ പരിചരിക്കുകയോ ചെയ്തില്ലെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. നവജാത ശിശുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Signature-ad

ശനിയാഴ്ച വൈകിട്ട് 6 ന് പ്രസവിച്ച അസ്മ, രാത്രി 9 ന് മരിച്ചു. ഈ വിവരം രാത്രി 12 ന് ആണ് അസ്മയുടെ വീട്ടില്‍ അറിയിച്ചത്. മൃതദേഹവും നവജാതശിശുവുമായി സിറാജുദീന്‍ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആംബുലന്‍സില്‍ ഞായറാഴ്ച രാവിലെ 7 ന് യുവതിയുടെ വീട്ടില്‍ എത്തി. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാതെ ഉണങ്ങിയ ചോരപ്പാടുകളുമായി വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കളായ സ്ത്രീകള്‍ ചോദ്യം ചെയ്തു. തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ പരുക്കേറ്റ സിറാജുദ്ദീനും അസ്മയുടെ ബന്ധുക്കളായ സ്ത്രീകളും ഉള്‍പ്പെടെ 11 പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്യുപങ്ചര്‍ ബിരുദം നേടിയിട്ടുള്ളവരാണ് സിറാജുദ്ദീനും അസ്മയും. മടവൂര്‍ കാഫില എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തുന്ന സിറാജുദീന്‍ അമാനുഷികമായ സിദ്ധികളുള്ള വ്യക്തിയായി സ്വയം പ്രചരിപ്പിക്കുന്നതായി അസ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു. അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു. ആദ്യ രണ്ടെണ്ണം ആശുപത്രിയിലും പിന്നെ മൂന്നെണ്ണം വീട്ടിലുമാണ് നടന്നത്. അസ്മയുടെ മറ്റ് മക്കള്‍: മുഹമ്മദ് യാസിന്‍, അഹമ്മദ് ഫൈസല്‍, ഫാത്തിമത്തുല്‍ സഹറ, അബുബക്കര്‍ കദീജ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: