
ബംഗളൂരു: കേരളത്തില്‍നിന്ന് ബംഗളൂരുവിലെത്തിയ ബിഹാര്‍ സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍. ബെംഗളൂരു കെആര്‍ പുരം റെയില്‍വേ സ്റ്റേഷന് സമീപം ബുധനാഴ്ചയാണ് ബിഹാര്‍ സ്വദേശിനിയായ 19 വയസുകാരിയെ ലൈംഗികാതിക്രമണത്തിന് ഇരയായത്.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഒരു പരിശീലന പരിപാടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. കെആര്‍ പുരം റെയില്‍വേസ്റ്റേഷനില്‍ എത്തിയ യുവതി, സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് രണ്ടംഗം സംഘം ഇവരെ ആക്രമിച്ചത്. തുടര്‍ന്നു യുവതിയെ അക്രമികള്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അക്രമികള്‍ ആദ്യം യുവതിയുടെ സഹോദരനെ അക്രമിച്ചു കീഴടക്കി. തുടര്‍ന്ന് യുവതിയെ ആളൊഴിഞ്ഞ പ്രദേശത്തേക്കു ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അക്രമികളില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതികള്‍ മുളബാഗിലുവില്‍ നിന്നുള്ളവരാണെന്നും ഓട്ടോ ഡ്രൈവര്‍മാരാണെന്നും പൊലീസ് അറിയിച്ചു. പ്രതികളില്‍ രണ്ടാമത്തെയാളെ പൊലീസ് സംഘം വൈകാതെ പിടികൂടിയിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ബലാത്സംഗം, തടങ്കലില്‍ വയ്ക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.