
കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍, ലൈംഗികാതിക്രമം, ലൈംഗികമായി ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയതിന് പിന്നാലെയാണ് 2019ല്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം നിത്യാനന്ദ ഇന്ത്യയില്‍ നിന്ന് പലായനം ചെയ്തത്. ഹിന്ദുക്കളുടെ ആദ്യത്തെ പരമാധികാര രാഷ്ട്രം എന്ന് സ്വയം പ്രഖ്യാപിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്ന് വിളിക്കപ്പെടുന്ന ഒരു രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ഈ രാജ്യത്തിന്റെ പ്രതിനിധികള്‍ 2023ല്‍ യുഎന്‍ യോഗത്തില്‍ പങ്കെടുക്കുകയും ലോകമെമ്പാടുമുള്ള നിരവധി നേതാക്കളുമായി ഇടപഴകുകയും ചെയ്തു.
എന്നാല്‍, ഇന്ത്യയിലെ വിശാലമായ ഒരു മത സാമ്രാജ്യം ഉപേക്ഷിച്ച് നിത്യാനന്ദയെ അടുത്തിടെ നിര്‍ഭാഗ്യം പിന്തുടരുന്ന കാഴ്ചയാണ് കാണുന്നത്. കൈലാസയുടെ 20 പ്രതിനിധികളെ കഴിഞ്ഞയാഴ്ച ബൊളീവിയന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. ആമസോണിന്റ വിശാലമായ ഭൂപ്രദേശനത്തിനായി തദ്ദേശീയ സംഘടനകളുമായി ചേര്‍ന്ന് 1000 വര്‍ഷത്തെ പാട്ടക്കരാര്‍ ഒപ്പിട്ടുകൊണ്ട് ”ഭൂമി കടത്ത്” ആരോപിച്ചാണ് ഈ അറസ്റ്റ്.

ബൊളീവിയന്‍ സര്‍ക്കാര്‍ ഈ കരാറുകള്‍ അസാധുവായി പ്രഖ്യാപിക്കുകയും കൈലാസ പ്രതിനിധികളെ ഇന്ത്യ, അമേരിക്ക, സ്വീഡന്‍, ചൈന തുടങ്ങിയ അവരവരുടെ മാതൃരാജ്യങ്ങളിലേക്ക് നാടുകടത്തുകയും ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്ന് അറിയപ്പെടുന്ന രാഷ്ട്രവുമായി ബൊളീവിയ നയതന്ത്ര ബന്ധം പുലര്‍ത്തുന്നില്ലെന്ന് ബൊളീവിയയുടെ വിദേശകാര്യമന്ത്രാലയം ഒരു പ്രസ്താനവയില്‍ അറിയിച്ചിട്ടുണ്ട്,
2024ല്‍ ഉണ്ടായ ഒരു കാട്ടുതീയില്‍ സഹായം വാഗ്ദാനം ചെയ്തതിന് ശേഷമാണ് ഡല്‍ഹിയുടെ മൂന്ന് മടങ്ങ് വലിപ്പമുള്ള ഭൂമിക്കായി കൈലാസ പ്രതിനിധികളുമായുള്ള ബന്ധം ആരംഭിച്ചതെന്ന് ബോറെ എന്നറിയപ്പെടുന്ന തദ്ദേശീയ സംഘടനകളിലൊന്നിന്റെ നേതാവായ പെഡ്രോ ഗ്വാസിക്കോ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. പ്രതിവര്‍ഷം 200000 ഡോളര്‍ ലഭിക്കുന്ന 25 വര്‍ഷത്തെ കരാറിന് ബോറെ സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, പാട്ടകരാര്‍ 1000 വര്‍ഷത്തേക്കുള്ളതാണെന്നും വ്യോമാതിര്‍ത്തി ഉപയോഗവും പ്രകൃതിവിഭവങ്ങളുടെ ചൂഷണവും അതില്‍ ഉള്‍പ്പെടുന്നതാണെന്നും ബോറെയ്ക്ക് അറിയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ”അവരുടെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. ഞങ്ങളുടെ പ്രദേശം സംരക്ഷിക്കുന്നതിന് വാര്‍ഷിക ബോണസായി അവര്‍ ആ പണം ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുകയായിരുന്നു. പക്ഷേ, അത് പൂര്‍ണമായും തെറ്റായിരുന്നു,” ഗ്വാസിക്കോ പറഞ്ഞതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
എന്താണ് കൈലാസ രാജ്യം?
ഹിന്ദുക്കള്‍ക്കായുള്ള ആദ്യത്തെ പരമാധികാര രാഷ്ട്രമായാണ് കൈലാസയെ അതിന്റെ പ്രതിനിധികള്‍ നിര്‍വചിച്ചിരിക്കുന്നത്. ഇത് നിത്യാനന്ദയാണ് സ്ഥാപിച്ചത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ട ഹിന്ദുക്കളാണ് ഇവിടുത്തെ പ്രതിനിധീകരിക്കുന്നത്. വംശം, ലിംഗഭേദം, വര്‍ഗം, ജാതി, മതം എന്നിവ പരിഗണിക്കാതെ ലോകത്തിലെ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് സുരക്ഷിതമായ താവളം നല്‍കുകയാണെന്ന് കൈലാസയുടെ വെബ്സൈറ്റില്‍ പറയുന്നു. ഹിന്ദു ആദിശൈവ ന്യൂനപക്ഷ സമൂഹത്തിലെ അംഗങ്ങളാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
രാജ്യത്ത് പത്ത് കോടി ആദി ശൈവ ഹിന്ദുക്കളും 200 കോടി ഹിന്ദുക്കളുമുണ്ടെന്ന് വൈബ്സൈറ്റില്‍ വ്യക്തമാക്കുന്നു. ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളാണ് രാജ്യത്ത് സംസാരിക്കുന്നത്. സനാതന ഹിന്ദുധര്‍മമാണ് ഇവര്‍ അവകാശപ്പെടുന്നത്. ക്ഷേത്രാധിഷ്ഠിത ജീവിതശൈലി, എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ സംരക്ഷണം, എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം, സസ്യാഹാരം, ലിംഗസമത്വം, ആഗോളതാപനത്തിനെതിരായ പോരാട്ടം എന്നിവ പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി കൈലാസ അവകാശപ്പെടുന്നു. യോഗ, ധ്യാനം, ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം എന്നിവ പൗരന്മാരുടെ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടാനും അവര്‍ ആഗ്രഹിക്കുന്നു.
ആരാണ് നിത്യാനന്ദ?
രാജശേഖരന്‍ എന്നാണ് നിത്യാനന്ദയുടെ യഥാര്‍ത്ഥ പേര്. ഇയാള്‍ തമിഴ്നാട് സ്വദേശിയാണ്. 2000ത്തിന്റെ തുടക്കത്തില്‍ ബംഗളൂരുവിനടുത്ത് ഒരു ആശ്രമം സ്ഥാപിച്ചതിന് ശേഷമാണ് ഇയാള്‍ പ്രശസ്തനായത്. തത്വചിന്തകനായ ഓഷോ രാജ്നീഷിന്റെ എഴുത്തുകള്‍ അടിസ്ഥാനമാക്കിയാണ് നിത്യാനന്ദയുടെ പ്രസംഗങ്ങള്‍. 2010ല്‍ ഒരു നടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ പുറത്തുവന്നതോടെ വാര്‍ത്തകളില്‍ ഇടം നേടി. പിന്നീട് ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മറ്റൊരു ബലാത്സംഗ കേസിലും ഇയാളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.