
പത്തനംതിട്ട: മിണ്ടാപ്രാണിയുടെ വാല്‍മുറിച്ചുനീക്കി; വാല്‍ക്കഷണം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയില്‍ ചാരിവെച്ചു ക്രൂരത! തിരുവല്ല നിരണം രണ്ടാം വാര്‍ഡില്‍ ക്ഷീരകര്‍ഷകനായ പുളിക്കല്‍ പി.കെ. മോഹനന്റെ അഞ്ചുവയസ്സുള്ള എരുമയുടെ വാലാണ് അജ്ഞാതര്‍ മുറിച്ചുനീക്കിയത്. സമൂഹികവിരുദ്ധര്‍ കാണിച്ച അക്രമമാണിതെന്നും അവരെ പിടിക്കാനുള്ള അന്വേഷണത്തിലാണെന്നും പുളിക്കീഴ് പോലീസ് പറഞ്ഞു.
ഒന്നരയടിയോളം നീളം വരുന്ന മുറിച്ച വാല്‍ഭാഗം ചോരയൊഴുകിയനിലയില്‍ കസേരയില്‍ വെച്ചിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. അമ്മിണിയെന്നാണ് വീട്ടുകാര്‍ എരുമയെ വിളിക്കുന്നത്. പുലര്‍ച്ചെ കറവയ്ക്കായി മോഹനന്‍ തൊഴുത്തിലെത്തുമ്പോഴാണ് വല്ലാത്ത ഭാവത്തില്‍ എരുമയെ കാണുന്നത്. രക്തത്തുള്ളികള്‍ ഇറ്റുവീഴുന്ന മുറിഞ്ഞവാല്‍ മോഹനന്‍ തിരിച്ചറിഞ്ഞു.

ഉടന്‍ അയല്‍വാസിയെ വിളിച്ചു. ഇരുവരും ചേര്‍ന്ന് വെറ്ററിനറി ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടു. മുറിഞ്ഞഭാഗത്ത് മരുന്നുവെച്ചുകെട്ടിയിരിക്കുകയാണിപ്പോള്‍. ഒരു പശുവും മൂന്ന് പോത്തുകളും മോഹനന് വേറെയുണ്ട്. തൊഴുത്തിലെ മറ്റു മൃഗങ്ങളെയൊന്നും ആക്രമിച്ചിട്ടില്ല. തനിക്കും കുടുംബത്തിനും ശത്രുക്കളില്ലെന്ന് മോഹനന്‍ പറഞ്ഞു.