
തിരുവനന്തപുരം: ‘എമ്പുരാന്‍’ ഹിന്ദുവിരുദ്ധ സിനിമയെന്ന് അടിവരയിട്ടു പറഞ്ഞ് ആര്‍എസ്എസ് മുഖപത്രം ‘ഓര്‍ഗനൈസര്‍’ നടത്തിയ വിമര്‍ശനം ദേശീയതലത്തില്‍ ചര്‍ച്ചയായതോടെയാണ് പരസ്യ ഖേദപ്രകടനവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയത്.
സിനിമ റിലീസ് ചെയ്ത് 4ാം ദിവസമാണ് അടുത്ത സുഹൃത്തുക്കളുമായി ആലോചിച്ചു നടത്തിയ ഖേദപ്രകടനം. ആര്‍എസ്എസിന്റെ ഉയര്‍ന്ന നേതാക്കളുമായും താരം ബന്ധപ്പെട്ടു. സിനിമയില്‍ 17 തിരുത്തലുകള്‍ വരുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും സംഘപരിവാറിന്റെ രൂക്ഷവിമര്‍ശനം നിലച്ചില്ല. ഇന്നലെ ലാല്‍ നടത്തിയ ഖേദപ്രകടനത്തിനു പിന്നാലെ എമ്പുരാനെതിരെ ‘ഓര്‍ഗനൈസറി’ല്‍ രണ്ടാമത്തെ ലേഖനവും പ്രത്യക്ഷപ്പെടുകയും ചെയ്തു.

എം.ടി.രമേശ് അടക്കമുള്ള ഒരു വിഭാഗം ബിജെപി നേതാക്കള്‍ എമ്പുരാനെ കലാസൃഷ്ടിയായി കാണണമെന്ന അഭിപ്രായം പങ്കുവച്ചെങ്കിലും അണികള്‍ അനുകൂലിച്ചില്ല. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സിനിമയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചു.
ആദ്യം എമ്പുരാന്‍ കാണുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പിന്നീട് നിലപാട് മാറ്റി. മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കും നിര്‍മാതാവ് ഗോകുലം ഗോപാലനും എതിരെയുള്ള വിമര്‍ശനങ്ങളും വിദ്വേഷ ക്യാംപെയ്ന്‍ സമാന്തരമായി ശക്തി പ്രാപിക്കുകയും അണിയറ പ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദത്തിലാവുകയും ചെയ്തു. ഇതു ശമിപ്പിക്കാനുള്ള അസാധാരണ നടപടിയായിരുന്നു സിനിമയുടെ റീ എഡിറ്റ് തീരുമാനം.