
കോഴിക്കോട്: ചുമയുടെ മരുന്ന് കുടിച്ച് ജോലിക്കെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറിന് മേലുദ്യോഗസ്ഥര്‍ ചാര്‍ത്തി നല്‍കിയത് മദ്യപാനിയുടെ പരിവേഷം! ഇന്നലെ രാവിലെ 7ന് കോഴിക്കോട് മാനന്തവാടി റൂട്ടില്‍ ഡ്യൂട്ടിക്കെത്തിയ കോഴിക്കോട് ഡിപ്പോ ഡ്രൈവര്‍ ആര്‍ഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷിനെയെയാണു ബ്രെത്തലൈസര്‍ ചതിച്ചത്.
രാവിലെ 6.15ന് പാവങ്ങാട് ഡിപ്പോയില്‍ എത്തിയ ഷിദീഷ് ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്തിച്ചു. തുടര്‍ന്നു മാനന്തവാടിയിലേക്കു യാത്ര പുറപ്പെടും മുന്‍പ് ഷിദീഷിനെ ഊതിച്ചപ്പോള്‍ 9 പോയിന്റ് റീഡിങ് കണ്ടു. ഇതോടെ വാഹനം ഓടിക്കാന്‍ പാടില്ലെന്ന് മേലധികാരികള്‍ നിലപാടെടുത്തു. ജീവിതത്തില്‍ മദ്യം കഴിക്കാത്ത ആളാണെന്നും ആശുപത്രിയില്‍ പോയി പരിശോധിക്കാമെന്നും ഷിദീഷ് പറഞ്ഞു. സംഭവം വഷളായതോടെ പൊലീസുമെത്തി.

ഒരിക്കലും മദ്യപിച്ചിട്ടില്ലാത്ത ആളാണ് താനെന്ന് ഷിദീഷ് പറഞ്ഞു. ”കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചുമയുണ്ടായിരുന്നു. ഹോമിയോ മരുന്നാണ് കഴിക്കുന്നത്. അലോപ്പതി മരുന്ന് കഴിക്കാറില്ല. സുഖമില്ലാതിരുന്നിട്ടും അവധി ദിവസങ്ങളില്‍ ആളു കുറവായതിനാലാണ് ജോലിക്കെത്തിയത്. പാവങ്ങാടു നിന്ന് ബസ് എടുത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിച്ച ശേഷം ഹോമിയോ മരുന്നു കഴിച്ചു. ഓരോ മണിക്കൂര്‍ ഇടവിട്ട് കഴിക്കേണ്ട മരുന്നായിരുന്നു. മരുന്ന് കഴിച്ച ശേഷമാണ് ഊതിയത്. ഇതോടെയാണ് 9 പോയന്റ് റീഡിങ് കണ്ടത്. എല്ലാ ദിവസവും രാവിലെ ഊതാറുണ്ട്. ഇതുവരെ കുഴപ്പമൊന്നുമുണ്ടായില്ല.
പൊലീസ് എത്തിയെങ്കിലും 30 പോയിന്റോ അതിലധികമോ ഉണ്ടെങ്കിലേ മദ്യപിച്ചതിനു തുടര്‍ നടപടിയെടുക്കാന്‍ കഴിയൂ എന്നു പറഞ്ഞു. ആശുപത്രിയില്‍ പോയി പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും കെഎസ്ആര്‍ടിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തയാറായില്ല. ഒടുവില്‍ ഇന്നു ഡ്യൂട്ടിക്കെത്താനും അടുത്ത ദിവസം എംഡിയുമായി നേരില്‍ കാണാനും നിര്‍ദേശം ലഭിച്ചു. ഇന്ന് ജോലിക്ക് പോയിട്ടില്ല. വൈകിട്ട് തിരുവനന്തപുരത്തേക്ക് പോകും. നാളെ എംഡിയെ കണ്ടശേഷമേ ഇനി ജോലിക്കു കയറുന്നുള്ളു” ഷിദീഷ് പറഞ്ഞു.
ബ്രെത്തലൈസറില്‍ പൂജ്യം ആണെങ്കില്‍ മാത്രമേ ഡ്യൂട്ടി നല്‍കാന്‍ അനുവാദമുള്ളൂ എന്നു പരിശോധിച്ച സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു. ഒരു വര്‍ഷം മുന്‍പാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കു ബ്രെത്തലൈസര്‍ പരിശോധന ആരംഭിച്ചത്. ഇതില്‍ ഒന്നില്‍ കൂടുതല്‍ പോയിന്റ് രേഖപ്പെടുത്തിയാല്‍ തിരിവനന്തപുരത്തേക്കു റിപ്പോര്‍ട്ട് നല്‍കും. 6 മാസം സസ്‌പെന്‍ഷനും പിന്നീടു സ്ഥലംമാറ്റവും ഇതിനെത്തുടര്‍ന്നുണ്ടാകും.
ഡ്യൂട്ടിക്കെത്തുന്ന നിരവധി ഡ്രൈവര്‍മാര്‍ ബ്രത്തലൈസറില്‍ ചെറിയ റീഡിങ് രേഖപ്പെടുത്തിയാലും തിരിച്ചു പോകേണ്ടി വരുന്നുണ്ട്. ചുമ മരുന്നുകള്‍, ആയുര്‍േവദ മരുന്നുകള്‍ തുടങ്ങിയവ കഴിക്കുന്നവരില്‍ ചെറിയ രീതിയില്‍ റീഡിങ് രേഖപ്പെടുത്താറുണ്ട്. തലേന്ന് മദ്യം കഴിച്ചാലും പിറ്റേന്ന് പരിശോധനയില്‍ റീഡിങ് കാണിക്കാറുണ്ട്. എന്നാല്‍, ഭൂരിഭാഗം പേരും പ്രശ്‌നമുണ്ടാക്കാന്‍ നില്‍ക്കാതെ ജോലിക്ക് കയറാതെ മടങ്ങുകയാണ് പതിവ്.