
ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ‘മാര്‍ക്കോ’ തിയേറ്ററുകളില്‍ 100 ദിനം പിന്നിട്ട് ചരിത്ര നേട്ടത്തിലേക്ക്. ആദ്യമായി നിര്‍മ്മിച്ച ചിത്രം തന്നെ 100 ദിവസം തിയേറ്ററുകളില്‍ പിന്നിട്ടുവെന്ന ചരിത്ര നേട്ടത്തിലെത്തിയിരിക്കുകയാണ് ഇതോടെ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. തിയേറ്ററുകളില്‍ വലിയ വിജയമായ ചിത്രം വാലന്റൈന്‍സ് ഡേയില്‍ ഒടിടിയില്‍ എത്തിയിരുന്നു. ഇപ്പോഴും തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നുണ്ട്. തൃശൂര്‍ വരാന്തരപ്പിള്ളിയിലെ ഡേവീസ് തിയേറ്ററിലാണ് ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. സിനിമയുടേതായി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന 100 ഡെയ്‌സ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായി കഴിഞ്ഞിട്ടുണ്ട്.
മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളില്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയതിന് ശേഷമാണ് ഒടിടിയില്‍ എത്തിയത്. സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന ചിത്രം ഇതിനകം ലോകമാകെ ട്രെന്‍ഡിംഗായി കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡയിലും തിയേറ്റര്‍ റിലീസിന് ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. 100 കോടി ആഗോള കളക്ഷന്‍ നേടിക്കഴിഞ്ഞ ചിത്രം കേരളത്തില്‍ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ഒടിടിയിലും എത്തിയിരുന്നത്.

ചിത്രം ഡിസംബര്‍ 20നാണ് കേരളത്തില്‍ റിലീസിനെത്തിയത്. മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ് ചിത്രമായ ‘മാര്‍ക്കോ’യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമല്‍, കില്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സമാനമായി എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ഒരു എ സര്‍ട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
അഞ്ചു ഭാഷകളിലായാണ് ചിത്രം റിലീസിനൊരുക്കിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. സിനിമയുടെ പ്രൊഡക്ഷന്‍ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ നിര്‍മ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിച്ചിരിക്കുകയുമുണ്ടായി ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്. ലോകോത്തര നിലവാരത്തിലാണ് ചിത്രം സംവിധായകന്‍ ഹനീഫ് അദേനിയും നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദും ഒരുക്കിയത്. ലോകം മുഴുവനും വലിയ സ്വീകരണവും ചിത്രത്തിന് ലഭിക്കുകയുണ്ടായി. ഏപ്രിലില്‍ ചിത്രം കൊറിയന്‍ റിലീസിനായി ഒരുങ്ങുകയുമാണ്.
പരുക്കന്‍ ഗെറ്റപ്പില്‍ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിലുള്ളത്. ഉണ്ണിയുടേയും ജഗദീഷിന്റേയും അസാധ്യമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്. അസാധാരണമായ വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണ്‍ ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. ഉണ്ണി മുകുന്ദനേയും ജഗദീഷിനേയും കൂടാതെ സിദ്ദീഖ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യും&ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.