
ന്യൂഡല്‍ഹി: നിമിഷപ്രിയയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പ്രതികരണവുമായി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ മെമ്പര്‍ സാമുവല്‍. വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചെന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്.
എന്നാല്‍ യെമനില്‍ ഇപ്പോള്‍ കോടതികള്‍ അവധിയാണെന്നും നിമിഷപ്രിയയുടെ സന്ദേശം ശരിയാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും സാമുവല്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. വിഷയത്തില്‍ അഭിഭാഷകനോട് സംസാരിച്ചു. എന്നാല്‍ വ്യക്തത കിട്ടിയില്ല. ഈദിന് ശേഷം ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കാന്‍ സാദ്ധ്യതയുണ്ടെന്നും അടുത്തയാഴ്ച വളരെ നിര്‍ണായകമാണെന്നും അദ്ദേഹം പ്രതികരിച്ചു. നിലവില്‍ നിമിഷപ്രിയയുടെ അമ്മ യെമനില്‍ സാമുവലിന്റെ വീട്ടിലാണ് കഴിയുന്നത്.

‘അരമണിക്കൂര്‍ മുമ്പ് ഒരു കോള്‍ വന്നു. അഡ്വക്കേറ്റായ ഒരു സ്ത്രീ എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. ചര്‍ച്ചയുടെ കാര്യങ്ങള്‍ എന്തായെന്ന് അവര്‍ ചോദിച്ചു. ഒന്നുമായില്ലെന്നും കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും പറഞ്ഞു. വധശിക്ഷയുടെ ഓര്‍ഡര്‍ ജയില്‍ വരെ എത്തിയിട്ടുണ്ടെന്നും ഈദ് അവധിയൊക്കെ കഴിയുമ്പോഴേക്ക് എന്താകുമെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. ഇവിടെ എല്ലാവരും വിഷമത്തോടെയാണ് പെരുമാറുന്നത്.’- എന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്.
2017ല്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടിയാണ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ എത്തിയത്. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ഈ ചര്‍ച്ചകള്‍ വഴിമുട്ടി.