CrimeNEWS

കരുനാഗപ്പള്ളി സന്തോഷ് വധം: പ്രതി പങ്കജ് മേനോന് കൊടി സുനി, സി.പി.എം ബന്ധം?

കൊല്ലം: കരുനാഗപ്പള്ളി താച്ചെയില്‍മുക്കില്‍ സന്തോഷ് വധക്കേസിലെ പ്രതി പങ്കജ് മേനോന് ഗുണ്ടാബന്ധവും രാഷ്ട്രീയബന്ധവുമുണ്ടെന്ന് റിപ്പോര്‍ട്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനല്‍ കൊടി സുനിക്കൊപ്പമുള്ള ചിത്രമാണ് പങ്കജിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രം. സുനിയെ അനുകൂലിച്ചുള്ള പോസ്റ്റുകള്‍ പങ്കജ് പങ്കുവച്ചിട്ടുണ്ട്.

സി.പി.എം. ജില്ലാ കമ്മിറ്റി മുന്‍ അംഗം പി.കെ ബാലചന്ദ്രനൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കജ് പങ്കുവച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ബന്ധത്തെ ചൊല്ലി കരുനാഗപ്പള്ളി സി.പി.എമ്മിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇടയുകയും പാര്‍ട്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ബാലചന്ദ്രനും പങ്കജും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഇവര്‍ പ്രകടനത്തില്‍ ഉപയോഗിച്ചിരുന്നു.

Signature-ad

2024 നവംബര്‍ 13-ന് പങ്കജിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ജയിലില്‍നിന്ന് ഇറങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയാണ് സന്തോഷിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. വെള്ളനിറത്തിലുള്ള കാറിലാണ് അക്രമിസംഘം എത്തിയത്. അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അതുല്‍, ഹരി, പ്യാരി, രാജപ്പന്‍ എന്നിവരാണ് മറ്റു പ്രതികള്‍.

സംഭവസ്ഥലത്തെത്തിയ ഉടന്‍ ഇവര്‍ സന്തോഷിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞു. പിന്നാലെ ഒരു വാതില്‍ ചവിട്ടിത്തുറന്നു. ആ മുറിയില്‍ സന്തോഷിന്റെ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തൊട്ടുപിന്നാലെ അടുത്ത മുറിയുടെ വാതിലും ഇവര്‍ ചവിട്ടിത്തുറന്നു. ആ മുറിയിലാണ് സന്തോഷ് ഉണ്ടായിരുന്നത്. ആദ്യംതന്നെ സന്തോഷിന്റെ കാല് ഇവര്‍ വലിയ ചുറ്റിക ഉപയോഗിച്ച് തകര്‍ത്തു. അതിനുശേഷമാണ് കൈക്കു വെട്ടിയത്.

സന്തോഷിനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ കടന്നുകളയുകയായിരുന്നു. അക്രമികള്‍ പോയ ഉടന്‍ സന്തോഷ് ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍, സുഹൃത്ത് എത്തുമ്പോഴേക്കും വലിയ തോതില്‍ രക്തംവാര്‍ന്നുപോയി ഗുരുതരാവസ്ഥയിലായിരുന്നു സന്തോഷ്. ഉടന്‍തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: