CrimeNEWS

രാത്രി പട്രോളിങ്ങിനിടെ എസ്.ഐയെ കുത്തി; കഞ്ചാവുകേസ് പ്രതിക്കായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: ലഹരിസംഘത്തെ പിടികൂടാനുള്ള രാത്രി പട്രോളിങ്ങിനിടെ കഞ്ചാവുകേസ് പ്രതി പൂജപ്പുര എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. എസ്ഐ സുധീഷിനാണ് വ്യാഴാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ കുത്തേറ്റത്. കഞ്ചാവ് കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് പോലീസ് സംഘത്തെ ആക്രമിച്ചശേഷം രക്ഷപ്പെട്ടത്.

കത്തികൊണ്ടുള്ള കുത്ത് തടുക്കുന്നതിനിടെ പരിക്കേറ്റ എസ്ഐയുടെ കൈയ്ക്ക് ആറ് തുന്നലുകളുണ്ട്. പൂജപ്പുര കല്ലറമഠം ക്ഷേത്രത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വന്ന സന്ദേശത്തെ തുടര്‍ന്നാണ് പോലീസ് സംഘം അവിടെയെത്തിയത്. കാപ്പ കേസിലടക്കം പ്രതിയായ ശ്രീജിത്ത് ഉണ്ണി മൂന്നുദിവസം മുന്‍പാണ് ജയില്‍മോചിതനായത്. അക്രമാസക്തനായ ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അരയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് എസ്ഐ സുധീഷിനെ ആക്രമിക്കുകയായിരുന്നു.

Signature-ad

വയറ്റില്‍ കുത്താനായിരുന്നു ശ്രമം. ഇത് തടഞ്ഞപ്പോഴാണ് കൈയ്ക്ക് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കത്തിവീശിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. എസ്ഐ സുധീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Back to top button
error: