
എറണാകുളം: അയ്യമ്പുഴയില്‍ വാഹനപരിശോധനയ്ക്കിടെ നേപ്പാള്‍ സ്വദേശികള്‍ പോലീസിനെ മര്‍ദിച്ചു. നേപ്പാള്‍ സ്വദേശികളായ ഗീത, സുമന്‍ എന്നിവരാണ് പോലീസിനെ ആക്രമിച്ചത്. ഇവര്‍ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും കടിക്കുകയും ചെയ്തു. സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.
വാഹനപരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തില്‍ വന്ന സ്ത്രീയേയും പുരുഷനേയും പോലീസ് പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുമ്പോള്‍ സ്ത്രീ എസ്‌ഐയുടെ മൂക്കിനിടിക്കുകയായിരുന്നു. കയ്യാങ്കളിയായതോടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് ജീപ്പില്‍ കയറ്റി. എന്നാല്‍, രണ്ടുപേരുടേയും പരാക്രമം അവിടംകൊണ്ടും തീര്‍ന്നില്ല.

ഇരുവരുമായി പോലീസ് വാഹനം നീങ്ങിത്തുടങ്ങുമ്പോള്‍ ഇവര്‍ ഇതിനുള്ളിലുണ്ടായിരുന്ന മറ്റുപോലീസുകാരെ മാന്തുകയും കടിക്കുകയും ചെയ്തു. കൂടാതെ ജീപ്പിനുള്ളില്‍നിന്ന് ചാടാനും ശ്രമിച്ചു. കൂടുതല്‍ പോലീസെത്തിയശേഷം രണ്ടുപേരേയും ആശുപത്രിയിലേക്ക് മാറ്റി.