‘എമ്പുരാൻ’ ഒറ്റ സിനിമയിൽ തന്നെ മൂന്ന് നാല് സിനിമകൾ, മോഹൻലാലിനും പൃഥ്വിരാജിനും നേരെ കടുത്ത സംഘപരിവാർ വിമർശനം

സുനിൽ കെ ചെറിയാൻ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാൻ’ ഹെവി സബ്ജക്ടറ്റാണ്. രാഷ്ട്രീയത്തിനും മതത്തിനും മുകളിൽ നിൽക്കാൻ ശ്രമിക്കുന്ന കഥ. ലോകശക്തിയായ ഒരാൾ സ്വന്തം ഗ്രാമമായ നെടുമ്പള്ളിയിലെ സഹോദരി, പ്രിയദർശിനി രാംദാസിന് (മഞ്ജു വാര്യർ) തിരുത്തൽ ശക്തിയാവാനുള്ള സംരക്ഷണം കൊടുക്കുക; ഉത്തരേന്ത്യയിലെ സാമുദായിക ലഹളയിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട സയ്യദ് മസൂദിനെ (പൃഥ്വിരാജ്) ‘തീവ്രവാദി’യാകാതെ രക്ഷിക്കുക; ലോകശക്തിയായി കളിക്കുന്നതിനൊപ്പം മറ്റ് ആഫ്രിക്കൻ-ഇംഗ്ലീഷ് ശക്തികളുമായി ഏറ്റുമുട്ടി സ്വയം രക്ഷകനാവുക – അതാണ് മോഹൻലാൽ അവതരിപ്പിച്ച ഖുറേഷി എബ്രാം എന്ന സ്റ്റീഫൻ നെടുമ്പള്ളി.

കൂടാതെ നെടുമ്പള്ളി ഡാം സംരക്ഷണം; രാഷ്ട്രീയ മറുകണ്ടം ചാടുന്ന ജതിൻ രാംദാസ് (ടൊവിനോ); ഉത്തരേന്ത്യൻ രാഷ്ട്രീയ ശക്തികൾക്ക് കേരളത്തിലുള്ള പ്രിയം; കേരളാ നേതാക്കളെ അന്വേഷണത്തിൽ കുടുക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ; മൂന്ന് രാഷ്ട്രീയ കക്ഷികൾക്കെതിരെ വിമർശനങ്ങൾ… അങ്ങനെ അടരുകളൊരുപാട്. ഒറ്റ സിനിമയിൽ തന്നെ മൂന്ന് നാല് സിനിമകൾ. ഇത്രയും സങ്കീർണമായ കഥ, ലളിതമാക്കാൻ മുരളി ഗോപി സ്വീകരിക്കുന്ന വഴി, കഥകളെ ഇടകലർത്തി പറയുക എന്നതാണ്.
2019-ൽ പുറത്തിറങ്ങിയ ‘ലൂസിഫറി’ൻ്റെ രണ്ടാം ഭാഗമായ ഈ സിനിമ പൊള്ളുന്ന രാഷ്ട്രീയമാണ് പറയുന്നത്. സിനിമയിൽ 2002-ലെ ഗുജറാത്ത് കലാപത്തെ ഓർമ്മിപ്പിക്കുന്ന രംഗങ്ങളും, ‘ബാബ ബജ്‌റംഗി’ പോലുള്ള കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയതും അതിന്റെ ഭാഗമാണ്. ഗുജറാത്ത് കലാപത്തിൽ ഗർഭിണിയായ മുസ്ലീം സ്ത്രീ ആക്രമിക്കപ്പെടുന്ന ഒരു രംഗം നരോദ പാട്യ കൂട്ടക്കൊലയെ ഓർമ്മിപ്പിക്കുന്നു. അഭിമന്യു സിംഗ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിന് നൽകിയിട്ടുള്ള ‘ബാബ ബജ്‌റംഗി’ എന്ന പേര് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിട്ട വ്യക്തിയെ ഓർമ്മിപ്പിക്കുന്നു. ബജ്റംഗ്ദൾ നേതാവായ ബാബു ബജ്‌റംഗി നരോദ, പാട്യ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.
ഗോദ്ര ട്രെയിൻ ദുരന്തത്തെ തുടർന്നുണ്ടായ കലാപത്തിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് വീടും സ്വത്തും നഷ്ടപ്പെടുകയും ചെയ്തു. നരോദ പാട്യയിലെ കൂട്ടക്കൊല പോലുള്ള സംഭവങ്ങൾ ഇന്നും ഒരു നടുക്കുന്ന ഓർമ്മയാണ്.
ഇത്രയും വലിയ കാൻവാസുള്ള കഥ അതർഹിക്കുന്നതിനേക്കാൾ മേലെ ചിത്രീകരിച്ചിട്ടുണ്ട് സംവിധായകൻ. ലൂസിഫറിൽ രോമാഞ്ചമുണ്ടായ കഴുത്തിൽ കാല് ചവിട്ടി നിന്ന സീൻ, എമ്പുരാനിൽ രണ്ട് മടങ്ങാണ് – സയ്യിദിന്റെ പ്രതികാര സീനിൽ സയ്യിദും ഖുറേഷിയും രണ്ട് ഗുണ്ടകളുടെ നെഞ്ചത്ത് ചവിട്ടി നിൽക്കുന്നു.
ഇത്രയും ഹെവി വെയ്റ്റുള്ള കഥ റിലാക്‌സ് ചെയ്‌ത് കാണാൻ പറ്റില്ല. ആഫ്രിക്കൻ ഡ്രഗ്ഗൻ കബൂഗ, വിദേശ അന്വേഷണ ഏജന്റുമാർ തുടങ്ങിയവർക്ക് ഖുറേഷിയുമായുള്ള ബന്ധം പ്രേക്ഷകർക്ക് എളുപ്പത്തിൽ കണക്റ്റ് ചെയ്യില്ല. പക്ഷെ മഞ്ജുവിന്റേയും പൃഥ്വിയുടേയും കഥകൾ നമ്മുടേതെന്ന് തോന്നും.
ടി ദാമോദരൻ കാലത്ത് നിന്ന് മലയാള സിനിമ സഞ്ചരിച്ച ദൂരം കാണിച്ചു തരുന്നുണ്ട് എമ്പുരാൻ.
ഈ സിനിമ റിലീസായതിന് പിന്നാലെ മോഹൻലാലിനും സംവിധായകൻ പൃഥ്വിരാജിനുമെതിരെ വൻ സൈബർ ആക്രമണമാണ് നടക്കുന്നത്. സംഘപരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ കമന്റുകളും ഭീഷണികളും മുഴക്കുന്നു. സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും ചിലർ ഉയർത്തുന്നുണ്ട്. ഹിന്ദുത്വ നേതാവായ പ്രതീഷ് വിശ്വനാഥും ബിജെപി പ്രവർത്തക ലസിത പാലക്കലും അടക്കമുള്ളവർ പൃഥ്വിരാജിനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.
ഈ വിമർശനങ്ങൾക്കിടയിലും പൃഥ്വിരാജിനും മോഹൻലാലിനും പിന്തുണയുമായി നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സംഘപരിവാറിൻ്റെ രാഷ്ട്രീയത്തെ തുറന്നു കാണിക്കാൻ ധൈര്യം കാണിച്ച അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്നുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ കാണാം.
സിനിമയെക്കുറിച്ചും അണിയറ പ്രവർത്തകരെക്കുറിച്ചും നിരവധി വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. മോഹൻലാലിൻ്റെ മുൻകാല നിലപാടുകളെ വിമർശിക്കുന്നവരും, അദ്ദേഹത്തിൻ്റെ പുതിയ സിനിമയിലെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യുന്നവരുമുണ്ട്. അതേസമയം, പൃഥ്വിരാജിൻ്റെ ധീരമായ ശ്രമത്തെ പ്രശംസിക്കുന്നവരും, സിനിമയുടെ പ്രമേയത്തെ പിന്തുണയ്ക്കുന്നവരും ഏറെയാണ്. ചുരുക്കത്തിൽ, ‘എമ്പുരാൻ’ റിലീസായതിന് പിന്നാലെ കേരളത്തിലെ സാമൂഹികാന്തരീക്ഷം രാഷ്ട്രീയപരവും സിനിമാപരവുമായ ചർച്ചകളാൽ നിറഞ്ഞിരിക്കുന്നു.