
കോട്ടയം: നഴ്‌സിങ് കോളജില്‍ നടന്ന റാഗിങ്ങ് അതിക്രൂരമെന്ന് കുറ്റപത്രം. ആതുര സേവന രംഗത്ത് മാതൃകയാകേണ്ടവരാണ് പ്രതികളായവരെന്നും അവര്‍ നടത്തിയത് കൊടിയ പീഡനമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണ സംഘം കുറ്റപത്രം ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും.
വേദന കൊണ്ട് വിദ്യാര്‍ഥികള്‍ പുളയുമ്പോള്‍ പ്രതികള്‍ അതില്‍ ആനന്ദം കണ്ടെത്തിയെന്നും ഇരകളായവരില്‍ നിന്ന് മദ്യപിക്കാനായി നിരന്തരം പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു എന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. കോളജില്‍ പ്രവേശന സമയത്ത് വിദ്യാര്‍ഥികള്‍ നല്‍കിയ ആന്റി റാഗിങ്ങുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിന്റെ ലംഘനമാണ് കൊടിയ പീഡനമെന്നും പ്രതികള്‍ കഴിഞ്ഞ നവംബര്‍ മാസം മുതല്‍ റാഗിങ് നടത്തിയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രതികള്‍. മുന്‍പും റാഗിങ് നടത്തിയിട്ടുണ്ടെങ്കിലും ഹോസ്റ്റല്‍ വാര്‍ഡന്‍ അടക്കം മറ്റാരും അത് അറിഞ്ഞിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയും പൊലീസ് നടത്തിയിരുന്നു. ഇതും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും.