
തിരുവനന്തപുരം: മോഹന്‍ലാല്‍-പ്രൃഥ്വിരാജ് ചിത്രം ‘എമ്പുരാന്റെ’ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച ഏതാനും വെബ്സൈറ്റുകള്‍ പൊലീസ് ബ്ലോക്ക് ചെയ്ത്, ഈ ലിങ്കുകള്‍ നീക്കം ചെയ്തു. തമിഴ് സിനിമാ വെബ്‌സൈറ്റുകളിലൂടെയാണ് വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നത്.
പ്രചരിക്കുന്ന വെബ്‌സൈറ്റുകള്‍ ഹോസ്റ്റ് ചെയ്തിരിക്കുന്നിടത്തു നിന്നുതന്നെ സൈബര്‍ പൊലീസ് നീക്കം ചെയ്യുന്നുണ്ട്. നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതി ലഭിച്ചാല്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് സൈബര്‍ എസ്.പി അങ്കിത് അശോകന്‍ പറഞ്ഞു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും.

പ്രഖ്യാപിച്ച നാള്‍ മുതല്‍ ആരാധകരും ചലച്ചിത്രപ്രേമികളും ഇന്ത്യന്‍ സിനിമാ വ്യവസായവും വന്‍പ്രതീക്ഷയോടെയാണ് എമ്പുരാനായി കാത്തിരുന്നത്. ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്തുവന്നതോടെ പ്രതീക്ഷകള്‍ വാനോളമായി.
മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയമാണ് മോഹന്‍ലാലും പൃഥ്വിരാജും പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മേക്കിംഗിലും ടെക്നിക്കല്‍ ക്വാളിറ്റിയിലും മികച്ച അനുഭവമാണ് സിനിമ. കേരള രാഷ്ട്രീയത്തില്‍ നിന്ന് എമ്പുരാനിലേക്കെത്തുമ്പോള്‍ കഥയുടെ കാന്‍വാസ് ആഗോളമാകുന്നു. ലൂസിഫറില്‍ നിറുത്തിയിടത്തു നിന്നുതന്നെ എമ്പുരാന്‍ തുടങ്ങുകയാണ് ചിത്രത്തിന്റെ കഥാഗതി.