
നാഗര്‍കോവില്‍: മറ്റൊരു ജാതിയില്‍പെട്ടയാളെ വിവാഹം ചെയ്തതിന് മൂത്ത സഹോദരനെയും യുവതിയെയും അനുജന്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഇരുചക്രവാഹനത്തില്‍ ക്രൂരമായി വലിച്ചിഴക്കുകയും ചെയ്തു. കന്യാകുമാരി ജില്ലയിലെ കുമാരകോവില്‍ സ്വദേശികളായ പ്രശാന്തിനും (32) ഭാര്യ ഐശ്വര്യയ്ക്കുമാണ് (30) പ്രശാന്തിന്റെ അനുജന്റെ ക്രൂരമായ ആക്രമണമേല്‍ക്കേണ്ടി വന്നത്.
മൂന്ന് വര്‍ഷം മുമ്പ് മാണിക്കട്ടി പൊട്ടേല്‍ സ്വദേശിയും വിധവയുമായ ഐശ്വര്യയെ, പ്രശാന്ത് വിവാഹം കഴിച്ചു. മറ്റൊരു ജാതിയില്‍പ്പെട്ട യുവതിയായതിനാല്‍ പ്രശാന്തിന്റെ ഇളയ സഹോദരന്‍ പ്രദീപ് ഈ വിവാഹത്തെ എതിര്‍ത്തു. പ്രദീപിന്റെ ആക്രമണം ഭയന്ന് പ്രശാന്തും ഐശ്വര്യയും മാണിക്കട്ടി പൊറ്റയില്‍ അമ്മന്‍ കോവില്‍ തെരുവിലെ വാടകവീട്ടിലേക്ക് താമസം മാറി.

ദമ്പതികള്‍ അമ്മന്‍ കോവില്‍ തെരുവിലെ വാടകവീട്ടില്‍ ഉണ്ടെന്ന് വിവരമറിഞ്ഞ് ഇവിടെയെത്തിയ പ്രദീപ് ഇരുവരെയും ക്രൂരമായി ആക്രമിച്ചു. ശേഷം പ്രശാന്തിനെയും ഐശ്വര്യയെയും തന്റെ ഇരുചക്രവാഹനത്തില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചതിനു ശേഷം കടന്നു കളഞ്ഞു. കാര്യമായ പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്നാണ് തക്കല ജനറല്‍ ആശുപത്രിയിലാക്കിയത്. പ്രശാന്തും ഐശ്വര്യയും തക്കല പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന പരാതിയുണ്ട്.