
‘എമ്പുരാന്‍’ ആദ്യ ഷോ അവസാനിച്ചു. കേരളത്തില്‍ 750ലധികം സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. കൊച്ചിയിലെ ആദ്യ ഷോയ്ക്ക് മോഹന്‍ലാലും പൃഥ്വിരാജും മഞ്ജു വാര്യരും ടൊവിനോയും അടക്കമുള്ള താരങ്ങളും അണിനിരക്കാരും എത്തിയിരുന്നു. കുടുംബത്തോടൊപ്പമാണ് ഇവരെല്ലാം എത്തിയത്.
ഇതൊരു മാസ് പടമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. രണ്ട് സര്‍പ്രൈസ് താരങ്ങള്‍ എമ്പുരാനിലുണ്ടെന്നാണ് വിവരം. എന്നാല്‍ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാല്‍ ആരാണ് ഈ താരങ്ങള്‍ എന്ന് പ്രേക്ഷകര്‍ വെളിപ്പെടുത്തിയിട്ടില്ല. സിനിമയുടെ ടെക്‌നിക്കല്‍ വശത്തെ പുകഴ്ത്തുന്നവരും ഏറെയാണ്.

‘നല്ല പടം. ഫസ്റ്റ് ഹാഫും സെക്കന്‍ഡ് ഹാഫും സൂപ്പറാണ്. സര്‍പ്രൈസ് എന്‍ട്രി ഉണ്ട്’, ‘അടിപൊളി, ഒരു രക്ഷയുമില്ല.’, ‘പ്രതീക്ഷകള്‍ക്കും മേലെ, ഹോളിവുഡ് ലെവല്‍, അസാദ്ധ്യ മേക്കിംഗ്’, ‘കിടു, സൂപ്പര്‍ വില്ലന്‍, പൃഥ്വിരാജ് കലക്കി, ലാലേട്ടന്‍ പൊളിച്ചു’- ഇതൊക്കെയാണ് പ്രേക്ഷകരുടെ പ്രതികരണം.
പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇതൊരു മാസ് പടമായിരിക്കുമെന്ന പ്രതീക്ഷ നിരവധി പേര്‍ പങ്കുവച്ചിരുന്നു. അടുത്ത ഷോയ്ക്കും മിക്ക തീയേറ്ററുകളിലും ഹൗസ്ഫുള്ളാണ്. മലയാളത്തിലെ ആദ്യ 50 കോടി ഓപ്പണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.